തദ്ദേശ തിരഞ്ഞെടുപ്പ്: പോർവിളി നടത്തിയവർക്ക് സൈബർ പോലീസിന്റെ പണി വരുന്നു
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സൈബർ പോർവിളികളിൽ ഒടുവിൽ പോലീസ് ഇടപെടുന്നു. സിപിഎം പ്രവർത്തകരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ റെഡ് ആർമി കണ്ണൂരിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ഭാഗമായുള്ള കമന്റുകളിൽ പോലീസ് കേസെടുത്തു. സാമൂഹികമാധ്യമങ്ങളിലെ പോർവിളി സംഘർഷം സൃഷ്ടിക്കുമെന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
റെഡ് ആർമി കണ്ണൂരിന്റെ ഇൻസ്റ്റഗ്രാം പേജിൽ 16-നാണ് നാടൻ ബോംബ് എറിഞ്ഞുപൊട്ടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ‘കണ്ണൂരിലെ കണ്ണായ പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല എന്നുമാത്രം ഓർമ്മിപ്പിച്ചുകൊണ്ട്’ എന്ന അടിക്കുറിപ്പോടെയായിരുന്നു റീൽ. അതിനുകീഴിൽ പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു സിപിഎം, മുസ്‌ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകരുടെ പോർവിളിയും ഭീഷണിയും. ബോംബ് എറിഞ്ഞുപൊട്ടിക്കുന്ന ദൃശ്യം സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടും പോലീസ് കണ്ട ഭാവം നടിച്ചിരുന്നില്ല.
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് രണ്ടാഴ്ചയ്ക്കുശേഷമാണ് കേസെടുത്തത്. കലാപം സൃഷ്ടിക്കാൻ ആഹ്വാനംചെയ്തെന്നാണ് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമുള്ള കേസ്. പ്രകോപനപരമായ കമന്റുകൾ ഇട്ടവരെ കണ്ടെത്തിയാകും പ്രതിചേർക്കുക. ഇതിനായി പരിശോധന തുടരുകയാണ്. നാടൻബോംബ് ഉപയോഗിക്കുന്ന വീഡിയോ അടങ്ങിയ റീൽ ഇട്ട് ഭീഷണി മുഴക്കുന്ന പോസ്റ്റിനുതാഴെ സിപിഎം പ്രവർത്തകരും മുസ്‌ലിം ലീഗ്-കോൺഗ്രസ് പ്രവർത്തകരും പോർവിളി നടത്തുന്ന കമന്റുകൾ പ്രകോപനപരവും സമൂഹത്തിൽ ലഹളയുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമുള്ള മനഃപൂർവമായ ആഹ്വാനവുമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ടെങ്കിലും സ്ഫോടകവസ്തു എറിയുന്ന റീലിന്റെ പേരിൽ പ്രത്യക്ഷത്തിൽ കേസില്ല.
തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം പാനൂർ പാറാട് മേഖലയിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതോടെയായിരുന്നു അത്. ചുവപ്പ് തുണി തലയിൽ കെട്ടിയ സംഘം വടിവാളുകളുമായി കവലകളിലും വീടുകളിലുമെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. മേഖലയിൽ പാർട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടു. അതിന്റെ തുടർച്ചയായിരുന്നു ഭീഷണിസന്ദേശമുള്ള ഇൻസ്റ്റഗ്രാം റീൽ.
No comments
Post a Comment