Header Ads

  • Breaking News

    പയ്യാമ്പലത്ത് നിന്നും ജയിച്ചു കയറിയ അഭിഭാഷക കോര്‍പ്പറേഷന്റെ അമരക്കാരി; കണ്ണൂരിനെ ഇനി ഇന്ദിര ഭരിക്കും


    കണ്ണൂര്‍: അഡ്വ.പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറായ ഇന്ദിര പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്.

    ഇന്ദിരയെ മേയറാക്കാന്‍ കണ്ണൂര്‍ ഡിസിസി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ. സുധാകരന്‍ എം.പിയാണ് മേയറായി ഇന്ദിര മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. 

    കണ്ണൂര്‍ കോര്‍പറേഷനെ വികസന പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് നയിക്കാന്‍ പരിചയ സമ്പന്നയായ ഇന്ദിരയ്ക്കു കഴിയുമെന്ന് കെ.സുധാകരന്‍ എം.പി മാധ്യമങ്ങളോട് പറഞ്ഞു.

    ഇന്ന് രാവിലെ നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഇന്ദിരയുടെ പേര് മാത്രമേ ഉയര്‍ന്നു വന്നിരുന്നുള്ളുവെന്നാണ് നേതാക്കള്‍ പറയുന്നത്. 

    എന്നാല്‍, ഇന്ദിരയ്ക്ക് പുറമെ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെയും ലിഷാ ദീപക്കിന്റെയും പേരും സജീവ പരിഗണനയിലുണ്ടായിരുന്നുവെന്നാണ് സൂചന. ഇത്തവണ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ വനിതാ സംവരണമാണ്.

    കോണ്‍ഗ്രസ് വിമത ഉള്‍പ്പെടെ നാല് സ്ഥാനാര്‍ഥികള്‍ മത്സരിച്ച പയ്യാമ്ബലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ രൂപീകരിച്ചതുമുതല്‍ ഇന്ദിര കൗണ്‍സിലറാണ്. 

    മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്. ഭരണപരിചയവും നേതൃത്വത്തിന്റെ പി്ന്തുണയുമാണ് അഡ്വ. ഇന്ദിരയ്ക്ക് തുണയായത്. കഴിഞ്ഞ കോര്‍പറേഷന്‍ ഭരണ സമിതിയില്‍ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര.

    മേയര്‍ സ്ഥാനാര്‍ത്ഥിയായി ഇന്ദിര വരുമ്പോള്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം മുസ്ലിം ലീഗിനാണ്. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി താഹിര്‍ ഡെപ്യൂട്ടി മേയറാകാനാണ് സാദ്ധ്യത. കണ്ണൂര്‍ കോടതിയിലെ അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരികയാണ് ഇന്ദിര. 

    കെ.പി.സി.സിയുടെ പിന്തുണയും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഇടപെടലുകളും ഇന്ദിരയ്ക്ക് മേയര്‍ സ്ഥാനത്ത് എത്തുന്നതിന് ഗുണം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇത്തവണയും യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad