കൺസ്യൂമർഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികൾ ഇന്നുമുതൽ
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര വിപണിയിൽ വിലക്കയറ്റം തടയുന്നതിന് കൺസ്യൂമർഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികൾ തിങ്കളാഴ്ച ആരംഭിക്കും. ജില്ലതല ഉദ്ഘാടനം രാവിലെ ഒമ്പതിന് മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കോർപറേഷൻ കൗൺസിലർ അഡ്വ. സാറ ജാഫർ അധ്യക്ഷയാകും. കൺസ്യൂമർഫെഡ് മുൻ ചെയർമാൻ എം. മെഹബൂബ് ആദ്യ വിൽപന നിർവഹിക്കും. ജനുവരി ഒന്ന് വരെയാണ് വിപണികൾ പ്രവർത്തിക്കുക. ജില്ലയിലെ 14 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും വിപണികൾ ആരംഭിക്കും. ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ സബ്സിഡിയോടെ ലഭ്യമാകും. മറ്റു ഉൽപന്നങ്ങൾക്കും 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാൻഡഡ് ഉൽപന്നങ്ങളും ഓഫറിൽ ലഭ്യമാകും. കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ എന്നിവയും ക്രിസ്മസ്, പുതുവത്സര കേക്കുകളും വിലക്കുറവിൽ ലഭിക്കും. ഒരു ദിവസം 50 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ നൽകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേനയാണ് സാധനങ്ങളുടെ വിതരണം.
No comments
Post a Comment