തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധം! മധ്യവയസ്‌കനെ മര്‍ദിച്ച പ്രതികള്‍ പിടിയില്‍
കൊല്ലം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തില്‍ മധ്യവയസ്‌കനെ മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയിലായി. കായംകുളം ചേരാവള്ളി എ.എസ്. മന്‍സിലില്‍ ആരിഫ് (21), കായംകുളം ദേശത്തിനകം ഓണമ്പള്ളില്‍ ആദില്‍ (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. എറണാകുളം ഭാഗത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.
സംഭവം നടന്നത് ഡിസംബര്‍ നാലിന് പുലര്‍ച്ചെ 2.45-ന് പറയകടവിന് സമീപമാണ്. പറയക്കടവ് സ്വദേശിയായ സുഭാഷ് ജോലിക്ക് പോകാനായി നടന്നുപോകുന്നതിനിടെയാണ് പ്രതികള്‍ അദ്ദേഹത്തോട് തീപ്പെട്ടി ചോദിച്ചത്. അത് കൊടുക്കാത്തതിലുള്ള വിരോധത്തില്‍, പ്രതികള്‍ മാരകായുധം ഉപയോഗിച്ച് സുഭാഷിന്റെ തലയ്ക്ക് അടിച്ചുവെന്നാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് ഇവരെ എറണാകുളം ഭാഗത്തുനിന്ന് പിടികൂടാന്‍ കഴിഞ്ഞത്.
No comments
Post a Comment