Header Ads

  • Breaking News

    കണ്ണൂർ ജില്ലാ ആശുപത്രിയിൽ വികസനക്കുതിപ്പ്; 67 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റിത്തുടങ്ങി



    കണ്ണൂർ: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായ പഴയ കെട്ടിടം പൊളിച്ചുമാറ്റിത്തുടങ്ങി. 1958-ൽ നിർമ്മിച്ച ഈ കെട്ടിടം പൊളിച്ചുമാറ്റാൻ 2023-ൽ തന്നെ തീരുമാനമെടുത്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടികൾ വൈകുകയായിരുന്നു. പുതിയ ബ്ലോക്ക് പൂർണ്ണമായും സജ്ജമായതോടെയാണ് പഴയ കെട്ടിടം നീക്കം ചെയ്യാനുള്ള നടപടികൾക്ക് വേഗത കൈവന്നത്.

    നിലവിൽ 300 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം മാത്രമാണ് ആശുപത്രിയിലുള്ളത്. എന്നാൽ ദിവസേന എത്തുന്ന മൂവായിരത്തോളം രോഗികളിൽ 600-ഓളം പേർക്കെങ്കിലും കിടത്തിച്ചികിത്സ ആവശ്യമായി വരാറുണ്ട്. സ്ഥലപരിമിതി മൂലം രോഗികൾ നേരിടുന്ന ഈ ബുദ്ധിമുട്ടിന് പരിഹാരമായാണ് പുതിയ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്.

    പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ഒരേസമയം 616 രോഗികളെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ടാകും. ഏകദേശം 20 കോടി രൂപയാണ് നിർമ്മാണച്ചെലവായി കണക്കാക്കുന്നത്. സ്‌പെഷ്യാലിറ്റി കോംപ്ലക്‌സ് നിർമ്മാണത്തിനായി അനുവദിച്ച തുക കൂടി പ്രയോജനപ്പെടുത്തി മികച്ച സൗകര്യങ്ങളോടു കൂടിയ വാർഡ് ബ്ലോക്കാണ് ഇവിടെ ഉയരുക. സംസ്ഥാനതല ടെക്നിക്കൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നിലവിലെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad