സുഹൃത്തിനെ മർദിച്ചു; ചോദ്യം ചെയ്ത യുവാക്കൾക്ക് കുത്തേറ്റു
രാമനാട്ടുകര: സുഹൃത്തിനെ മർദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് (32), റഹ്മാൻ ബസാർ സ്വദേശി റഹീസ് (33) എന്നിവർക്കാണ് കുത്തേറ്റത്. വയറിന് കുത്തേറ്റ റഹീസിന്റെ നില ഗുരുതരമാണ്. കുത്ത് തടുത്തപ്പോൾ റമീസിന്റെ കൈ പാദം വേർപെട്ടു. രാമനാട്ടുകര കൊണ്ടോട്ടി റോഡിലെ പാർക്ക് റെസിഡൻസിക്ക് മുന്നിലായിരുന്നു സംഭവം. പരിക്കേറ്റവരുടെ സുഹൃത്തിനെ പ്രതി അക്ബർ കഴിഞ്ഞ ദിവസം ബാറിൽ വെച്ച് മർദിച്ചത് ചോദിക്കാൻ വന്നതാണ് ആക്രമണത്തിന് കാരണമായത്. ഇരു വിഭാഗവും തമ്മിലുള്ള വാക്കുതർക്കത്തിനിടെ കൈയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് അക്ബർ, റഹീസിനെ കുത്തുകയായിരുന്നു. വയറിന് ഗുരുതര പരിക്കേറ്റ റഹീസ് നിലത്തുവീണു. ഉടൻ കത്തിയെടുത്ത് റമീസിനെ കുത്തിയെങ്കിലും തടുത്തതുകൊണ്ട് കൈക്ക് ആഴത്തിൽ മുറിവേൽക്കുകയായിരുന്നു. ഇതിനിടെ പ്രതി അക്ബർ ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. റഹീസിനെ മിംസിലും റമീസിനെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
No comments
Post a Comment