തദ്ദേശ തിരഞ്ഞെടുപ്പ് കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവര്‍ക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.
കാഴ്ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിഞ്ഞ് വോട്ടു ചെയ്യുന്നതിനുള്ള ബട്ടണ്‍ അമർത്തുന്നതിനോ വോട്ടിംഗ് മെഷീനിലെ ബാലറ്റ് ബട്ടനോട് ചേർന്നുള്ള ബ്രെയില്‍ ലിപി സ്പർശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യം വരുന്ന പക്ഷം 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ/മിത്രത്തെ തന്നോടൊപ്പം വോട്ട് രേഖപ്പെടുത്താനുള്ള അറയിലേയ്ക്ക് കൊണ്ടുപോകുവാൻ സമ്മതിദായകനെ അനുവദിക്കണം.സഹായിയെ അനുവദിക്കുന്ന പക്ഷം, സമ്മതിദായകന്റെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മായാത്ത മഷികൊണ്ട് ഒരു അടയാളം ഇടുന്നതിനു പുറമെ സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷി കൊണ്ട് അടയാളം രേഖപ്പെടുത്താം. എന്നാല്‍ ഈ ആവശ്യത്തിനുവേണ്ടി ഒരു സ്ഥാനാർഥിയെയോ പോളിംഗ് ഏജന്റിനെയോ അനുവദിക്കാൻ പാടില്ല. സമ്മതിദായകന് വേണ്ടി താൻ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചു കൊള്ളാമെന്നും അന്നേദിവസം ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ ഒരു പ്രഖ്യാപനം നിർദ്ദിഷ്ട ഫോറത്തില്‍ വാങ്ങണം. ഇങ്ങനെയുള്ള എല്ലാ കേസുകളുടെയും രേഖ 22-ാ ം നമ്ബർ ഫോറത്തില്‍ സൂക്ഷിക്കേണ്ടതും ഈ ഫോറം പ്രഖ്യാപനങ്ങളോടൊപ്പം ഒരു പ്രത്യേക കവറില്‍ വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കേണ്ടതുമാണ്.
പഞ്ചായത്തിന്റെ വിവിധ തലങ്ങളിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുന്ന സംഗതിയില്‍ വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകള്‍ക്ക് വേണ്ടി അന്ധതയും അവശതയുള്ളവരുമായ സമ്മതിദായകരുടെ 22-ാ ം നമ്ബർ ഫാറത്തിലുള്ള ലിസ്റ്റ് പ്രത്യേകം പ്രത്യേകം വയ്ക്കേണ്ടതില്ല. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും കൂടി ഒരൊറ്റ ലിസ്റ്റ് മതിയാകും.പ്രത്യക്ഷത്തില്‍ കാഴ്ചയ്ക്ക് തകരാറുള്ള സമ്മതിദായകരോട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ ചിഹ്നങ്ങള്‍ വേർതിരിച്ചറിഞ്ഞ് ശരിയായ വിധത്തില്‍ വോട്ടുചെയ്യുവാനോ വോട്ടിംഗ് മെഷീനില്‍ ഉള്ള ബ്രെയില്‍ ലിപി സ്പർശിച്ച് വോട്ടുചെയ്യുവാനോ കഴിയുമോ എന്നു ചോദിക്കേണ്ടതാണ്. തനിക്കു വേണ്ടി വോട്ട് രേഖപ്പെടുത്തുന്നതിലേക്ക് സഹായിയുടെ സേവനം ആവശ്യപ്പെടുന്നതിന് ഒരു സമ്മതിദായകന്റെ നിരക്ഷരത ഒരു മതിയായ കാരണമല്ല. എന്നാല്‍ പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ അന്ധതയോ അവശതയുള്ളതോ ആയ സമ്മതിദായകനോടൊപ്പം സഹായിയായി അറയിലേക്ക് പോകുവാൻ പാടില്ല. ശാരീരിക അവശതയുള്ളവരെ ക്യൂവില്‍ നിർത്താതെ പോളിംഗ് സ്റ്റേഷനിലേയ്ക്ക് പ്രവേശിപ്പിക്കേണ്ടതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
No comments
Post a Comment