സംസ്ഥാന സ്കൂൾ കലോത്സവത്തിനൊപ്പം സ്‍പെഷൽ സ്കൂൾ കലോത്സവവും ആലോചനയിൽ -മന്ത്രി;
തിരൂർ: സംസ്ഥാന സ്കൂൾ കലാമേളക്കൊപ്പം സ്‍പെഷ്യൽ സ്കൂൾ കലോൽസവം നടത്തുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരൂരിൽ സംസ്ഥാന സ്‍പെഷൽ സ്കൂൾ കലോൽസവ വേദിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തവർഷം മുതൽ രണ്ട് കലോൽസവങ്ങളും ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് അധ്യാപക സംഘടനകളുമായി ചർച്ചകൾ നടന്നുവരുകയാണ്.സംസ്ഥാന സ്കൂൾ കായികമേളക്ക് ഒപ്പം ഇൻക്ലൂസീവ് സ്പോർട്സ് മൽസരങ്ങൾ നടത്തുന്നത് മാതൃകയാക്കിയാകും ഈ മാറ്റം. സ്‍പെഷൽ സ്കൂൾ കലോൽസവത്തോടെ വേണം സ്കൂൾ കലാമേള ആരംഭിക്കണമെന്നാണ് തീരുമാനം. ഇതിനായി മാന്വലിൽ മാറ്റം വരുത്തുന്നതടക്കം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഭിന്നശേഷി കുട്ടികളുടെ സംരക്ഷണം പറഞ്ഞാൽ മാത്രം പോരാ പ്രവൃത്തിയിലും കാണിക്കണം. കായികരംഗത്ത് അത് പ്രാവർത്തികമാക്കിയതിന് ദേശീയ, സാർവദേശീയ തലത്തിൽ അംഗീകാരം ലഭിച്ചു. അതിന് ചുവടുപിടിച്ചാണ് സ്‍പെഷൽ സ്കൂൾ അധ്യാപകരുടെ ആവശ്യം. അത് അനുഭാവപൂർവം തന്നെ പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകും. വായനക്ക് പത്തുമാർക്ക് ഗ്രേസ് മാർക്ക് എന്നത് അടുത്ത അധ്യയനവർഷം മുതലാകും പ്രാബല്യത്തിലാവുകയെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ലൈബ്രറികളിൽ ഇതിനായി സംവിധാനം ഒരുക്കാത്തതാണ് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
No comments
Post a Comment