Header Ads

  • Breaking News

    തദ്ദേശതെരഞ്ഞെടുപ്പ് ; വോട്ടർമാർക്ക് ഇരിപ്പിടമൊരുക്കണമെന്ന് ഹൈക്കോടതി, വെള്ളവും ഉറപ്പാക്കണം





    കൊച്ചി :- തദ്ദേശ തിരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടു ചെയ്യാൻ ക്യൂ നിൽക്കേണ്ടിവരുന്നവർക്ക് ഇരിപ്പിടം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആവശ്യക്കാർക്കു കുടിക്കാൻ വെള്ളം നൽകണം. ബൂത്തിലെത്തുന്നതിനു മുൻപ് തിരക്കുണ്ടോയെന്നറിയാൻ മൊബൈൽ ആപ് തയാറാക്കണമെന്നും ജസ്‌റ്റിസ് പി.വി കുഞ്ഞിക്കഷ്ണൻ നിർദേശിച്ചു. ബൂത്തുകളേറെയും സ്കൂളിലായതിനാൽ ക്യൂ നിൽക്കുന്നവർക്കായി ബെഞ്ചും കസേരയുമൊക്കെ ലഭ്യമാക്കാൻ കഴിയുമെന്നു കോടതി പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധിയിൽ യഥാക്രമം 1200/1500 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചത് പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

    തിരഞ്ഞെടുപ്പ് വൈകുമെന്നതി നാൽ ബൂത്തുകളുടെ എണ്ണം വർധിപ്പിക്കാൻ നിർദേശിക്കുന്നില്ല. എന്നാൽ വരും തിരഞ്ഞെടുപ്പുകളിൽ എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാൻ മതിയായ സമയം ഉറപ്പാക്കും വിധം ബൂത്തുകൾ ക്രമീകരിക്കണം. വൈക്കം സ്വദേശി എൻ.എം താഹ, തൃശൂരിലെ കോൺഗ്രസ് നേതാവ് വി.വി ബാലചന്ദ്രൻ എന്നിവർ നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.

    രാവിലെ 7 മുതൽ വൈകിട്ട് 6 വരെയുള്ള പോളിങ് സമയത്തിൽ ആകെ 660 മിനിറ്റാണുള്ളത്. ഒരു ബൂത്തിലെ 1200 വോട്ടർമാരും വോട്ട് ചെയ്യാനെത്തിയാൽ ഒരാൾക്ക് 30-40 സെക്കൻഡ് മാത്രമേ ലഭിക്കൂ. ഈ സമയ പരിധിക്കുള്ളിൽ വോട്ടു ചെയ്യുന്നത് അസാധ്യമാണെന്നു കോടതി പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യാനെത്തില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ധാരണ സ്വീകാര്യമല്ല. പോളിങ് ബൂത്തിലെത്തിയതിനു ശേഷം നീണ്ട ക്യൂ കണ്ട് വോട്ട് രേഖപ്പെടുത്താതെ മടങ്ങുന്നത് ജനാധിപത്യത്തിന്റെ പരാജയമാണെന്നും കോടതി പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad