ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂറിൽ അവസാനിച്ച ട്രെയിലർ മാത്രം': പാകിസ്ഥാന് താക്കീതുമായി കരസേനാ മേധാവി
*ദില്ലി:* പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരായ ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂർ കൊണ്ട് അവസാനിച്ച ഒരു ട്രെയിലർ മാത്രമായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭാവിയിൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണ്. അവസരം നൽകിയാൽ, ഒരു അയൽ രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനെ പഠിപ്പിക്കുമെന്നും ജനറൽ ദ്വിവേദി ദില്ലിയിൽ നടന്ന 'ചാണക്യ ഡിഫൻസ് ഡയലോഗ്‌സ്' എന്ന പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.
ശത്രുരാജ്യത്തിന് ഒരു 'റിയാലിറ്റി ചെക്ക്' നൽകിയെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വിശദീകരിച്ചു- "ഏതൊരു ഓപ്പറേഷൻ നടക്കുമ്പോഴും നമ്മൾ അതിൽ നിന്ന് പഠിക്കും. ഇത്തവണയും പല കാര്യങ്ങളും പഠിച്ചു. ഏതൊരു തീരുമാനമെടുക്കാനും വളരെ കുറഞ്ഞ സമയമേ ലഭിക്കൂ എന്നും എല്ലാ തലത്തിലും കൃത്യസമയത്ത് തീരുമാനമെടുക്കണമെന്നും പഠിച്ചു. സൈന്യങ്ങൾ തമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് ഊന്നൽ നൽകി. കാരണം ഇന്നത്തെ യുദ്ധങ്ങൾ ബഹുമുഖ മേഖലകളെ ആശ്രയിച്ചുള്ളവയാണ്. കരസേനയ്ക്ക് മാത്രമായി ഒരു യുദ്ധം ചെയ്യാൻ കഴിയില്ല. എല്ലാവരും ഒരുമിച്ച് പോരാടണം"- വ്യോമസേനയെയും നാവികസേനയെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു യുദ്ധം എത്രത്തോളം നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയില്ല. ഇത്തവണ 88 മണിക്കൂർ പോരാടി. അടുത്ത തവണ അത് നാല് മാസമാവാം അല്ലെങ്കിൽ നാല് വർഷം വരെയാകാമെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേർത്തു.
ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ എങ്ങനെയാണ് "പുതിയ സാധാരണ നില" (ന്യൂ നോർമൽ) യിലേക്ക് എത്തിയതെന്ന് ജനറൽ ദ്വിവേദി വിശദീകരിച്ചു- “ഒരു രാജ്യം സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ, അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ വിഷയമായി മാറുന്നു. ഇന്ത്യ പുരോഗതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. നമ്മുടെ വഴിയിൽ ആരെങ്കിലും തടസ്സങ്ങൾ സൃഷ്ടിച്ചാൽ, നമുക്ക് അവർക്കെതിരെ ചില നടപടികൾ സ്വീകരിക്കേണ്ടിവരും. ചർച്ചകളും ഭീകരതയും ഒരുമിച്ച് പോകില്ലെന്ന് നമ്മൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ആവശ്യപ്പെടുന്നത് സമാധാനപരമായ പരിഹാരമാണ്. അതിനോട് ഞങ്ങൾ സഹകരിക്കും. അതുവരെ തീവ്രവാദികളെയും അവരെ സ്പോൺസർ ചെയ്യുന്നവരെയും ഞങ്ങൾ ഒരുപോലെ കണക്കാക്കും.” ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും ജനറൽ ദ്വിവേദി വിശദീകരിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പ്രദേശത്തെ തീവ്രവാദ പ്രവർത്തനങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
No comments
Post a Comment