ഡിജിറ്റല്‍ അറസ്‌റ്റ്: ബെംഗളൂരുവില്‍ ഐടി ജീവനക്കാരിക്ക് 32 കോടി രൂപ നഷ്ടമായി
ബെംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്ബനിയില്‍ ഉയർന്നപദവിയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്‌ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.
കഴിഞ്ഞ വർഷം സെപ്റ്റംബറിനും ഈ വർഷം മാർച്ചിനുമിടെ തുക തട്ടിയെടുത്തതായി കാണിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് 57 വയസ്സുകാരിയായ ഇവര്‍ പരാതി നല്‍കിയത്.
ഒരുവർഷം മുൻപുവന്ന ഫോണ്‍ കോളിലൂടെയായിരുന്നു തട്ടിപ്പിന് തുടക്കം. ലഹരിമരുന്ന് അടങ്ങിയ പാഴ്‌സല്‍ ലഭിച്ചെന്ന പേരിലായിരുന്നു ഫോണ്‍ കോള്‍ വന്നത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആർബിഐ) നടപടിയാണെന്ന് ബോധ്യപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. മകന്റെ വിവാഹം അടുത്തുവരുന്നതിനാല്‍ അനാവശ്യമായി കേസുകള്‍ വേണ്ടെന്നുകരുതി താൻ സംഘത്തിന്റെ നിർദേശങ്ങള്‍ അനുസരിച്ചെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
സ്വത്ത് ആർബിഐക്ക് മുൻപാകെ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പണം വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ നിർദേശിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണിറ്റ് പരിശോധിച്ച ശേഷം പണം തിരികെ നല്‍കുമെന്നും അറിയിച്ചു. 187 ബാങ്ക് ഇടപാടുകളിലൂടെയായിരുന്നു 31.83 കോടി രൂപ കൈമാറിയത്. ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സമ്ബാദ്യം മുഴുവൻ പരിശോധനയ്‌ക്കാണെന്ന് വിശ്വസിച്ചുനല്‍കുകയായിരുന്നു. തട്ടിപ്പ് സംഘം വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റുകള്‍ തിരികെ അയച്ചിരുന്നു. എന്നാല്‍ തുക തിരിച്ചു കിട്ടാതായതോടെയാണു തട്ടിപ്പാണെന്ന് മനസ്സിലായത്. തുടര്‍ന്ന് സൈബർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
No comments
Post a Comment