Header Ads

  • Breaking News

    ഉംറ തീർഥാടകരുടെ മരണം 23ന് മടങ്ങാനിരിക്കെ


    ജിദ്ദ: മദീനക്ക്​ സമീപം ഉംറ തീർഥാടകരുടെ ബസ് ഡീസൽ ടാങ്കറിൽ കൂട്ടിയിടിച്ച് മരിച്ചവരുടെ പേരുകൾ തെലങ്കാന സർക്കാർ പുറത്തുവിട്ടു. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള രണ്ട് ഉംറ സർവിസ് സ്ഥാപനങ്ങളായ മല്ലേപ്പള്ളിയിലെ അൽമദീന ടൂർസ് ആൻഡ് ട്രാവൽസ്, മെഹ്ദി പട്ടണത്തെ ​ഫ്ലൈസോൺ ടൂർസ് ആൻഡ് ട്രാവൽസ് എന്നിവക്ക് കീഴിൽ സൗദിയിലെത്തിയതായിരുന്നു ഇവർ. കർമങ്ങളെല്ലാം പൂർത്തിയാക്കി നവംബർ 23ന് ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ അപകടം. സംഭവത്തിൽ റിയാദ് ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും അനന്തര നടപടികൾ സ്വീകരിച്ചുവരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സഹായങ്ങൾക്കും വിവരാന്വേഷണത്തിനും 8002440003 (ടോൾഫ്രീ), 0122614093, 0126614276, 0556122301 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ മദീനയിലേക്ക് മാറ്റി. 40ൽ ഏറെ പേരുടെ മൃതദേഹങ്ങളും തിരിച്ചറിയാവുന്ന സ്ഥിതിയിലല്ല. മൃതദേഹങ്ങൾ മദീനയിൽതന്നെ ഖബറടക്കും. കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും മറ്റു നേതാക്കളും ദുരന്തത്തിൽ ദുഃഖവും അനുശോചനവും അറിയിച്ചു. അനുശോചനവുമായി ഖാർഗെയും പ്രിയങ്കയും ന്യൂഡൽഹി: മദീന ദുരന്തത്തിൽ ഇന്ത്യക്കാർക്ക് ജീവഹാനി സംഭവിച്ചതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. കുടുംബങ്ങൾക്ക് സഹായവും ആശ്വാസവും നൽകാൻ കേന്ദ്ര സർക്കാറും വിദേശ മന്ത്രാലയവും സംസ്ഥാന സർക്കാറുമായി ഏകോപിച്ച് പ്രവർത്തിക്കണമെന്ന് ഖാർഗെ അഭ്യർഥിച്ചു. ഇവർക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് അദ്ദേഹം തെലങ്കാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ കോൺഗ്രസ് എം.പി പ്രിയങ്കാ ഗാന്ധിയും അനുശോചിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും കേന്ദ്ര സർക്കാർ നൽകണമെന്ന് അവർ അഭ്യർഥിച്ചു.

    No comments

    Post Top Ad

    Post Bottom Ad