Header Ads

  • Breaking News

    വൃത്തി പ്രധാനം ; മാറാനൊരുങ്ങി റെയിൽവേ, ട്രെയിനിൽ യാത്രക്കാർക്ക് നൽകുന്ന പുതപ്പിനുമേൽ ഇനി കവറുകളുണ്ടാകും





    ദില്ലി :- എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പുതപ്പിന് ഇനി മുതൽ കവറുകളുമുണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശുചിത്വം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും സുഖകരവുമായ യാത്രാനുഭവം നൽകുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഉദ്ഘാടനവും അശ്വിനി വൈഷ്ണവ് നിർവഹിച്ചു. ബെഡ് ഷീറ്റുകളും തലയിണ കവറുകളും പോലെ പുതപ്പുകൾ അഥവാ ബ്ലാങ്കെറ്റ് പതിവായി കഴുകാറില്ല എന്നതിനാൽ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നത്.

    വർഷങ്ങളായി റെയിൽവേയിൽ പുതപ്പുകൾ നൽകി വരുന്നുണ്ടെന്നും, എന്നാൽ യാത്രക്കാരുടെ മനസ്സിൽ എപ്പോഴും ഒരു സംശയമുണ്ടെന്നും അതാണ് നീങ്ങുന്നതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. പ്രിന്റ് ചെയ്ത പുതപ്പിൻ്റെ കവറുകൾ എല്ലാ എസി കോച്ചുകളിലും ഉണ്ടാകും. ജയ്പൂർ-അസർവ എക്‌സ്പ്രസിൽ ആണ് ഇത് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പതിയെ, പദ്ധതി വിവിധ മേഖലകളിലെ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ വർഷം, ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിലൊരിക്കലെങ്കിലും കഴുകാറുണ്ടെന്ന് അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞിരുന്നു.

    No comments

    Post Top Ad

    Post Bottom Ad