ജെൻ സി’ പ്രക്ഷോഭം കനത്തു; നേപ്പാളിൽ സമൂഹ മാധ്യമ നിരോധനം പിൻവലിച്ചു
കഠ്മണ്ഡു: സമൂഹമാധ്യമങ്ങള്‍ നിരോധിച്ച നടപടിക്കെതിരെ യുവജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമായതോടെ നിരോധനം നീക്കി. യുവാക്കൾ പ്രക്ഷോഭത്തിൽനിന്ന് പിന്‍മാറണമെന്ന് സർക്കാർ അഭ്യർഥിച്ചു. കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കലാപത്തിൽ 19പേർ കൊല്ലപ്പെടുകയും 300പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
യൂണിഫോമണിഞ്ഞ സ്കൂൾ വിദ്യാർഥികളടക്കം ആയിരങ്ങൾ കഠ്‌മണ്ഡുവിൽ പാർലമെന്റ് മന്ദിരത്തിലേക്കു നടത്തിയ പ്രതിഷേധമാർച്ച് കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. പ്രക്ഷോഭം നേരിടാൻ കഠ്‌മണ്ഡുവിൽ സൈന്യമിറങ്ങി.
വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകളാണ് കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ നിരോധിച്ചത്. ഐടി, വാർത്താവിനിമയ മന്ത്രാലയത്തിൽ സൈറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ വന്നതോടെയാണു നടപടിയെടുത്തത്.
ടിക്ടോക് ഉൾപ്പെടെ ചില സമൂഹമാധ്യമങ്ങൾ റജിസ്ട്രേഷൻ എടുത്തു പ്രവർത്തിക്കുന്നുണ്ട്. വ്യാജവാർത്തകളും വിദ്വേഷപ്രചാരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളെ ചട്ടവിധേയമാക്കാനാണു റജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്നാണ് സർക്കാർ വിശദീകരിച്ചത്. എന്നാൽ, ഇത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനുമുള്ള നീക്കമാണെന്നു വിമർശിച്ചാണു യുവജനങ്ങൾ രംഗത്തിറങ്ങിയത്.
നിരോധനം പിൻവലിക്കാനാവശ്യപ്പെട്ട് ‘ജെൻ സി’ (ജനറേഷൻ സെഡ്) ബാനറുമായി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ച ചെറുപ്പക്കാർ, സർക്കാർവിരുദ്ധ മുദ്രാവാക്യമുയർത്തിയിരുന്നു. പ്രക്ഷോഭത്തിനിടെ യുവാക്കൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖകിന് രാജിവയ്ക്കേണ്ടിവന്നു.
No comments
Post a Comment