വേളാപുരം ജംക്‌ഷനിൽ വീതി കൂടിയ അടിപ്പാത നിർമാണം: ഇനിയും അനുമതിയായില്ല
പാപ്പിനിശ്ശേരി : ദേശീയപാത വികസനത്തിന്റെ ഭാഗമായി വേളാപുരം ജംക്‌ഷനിൽ വീതി കൂടിയ അടിപ്പാത നിർമിക്കാൻ ഇനിയും അനുമതിയായില്ല. നിലവിൽ വേളാപുരത്ത് 2 മീറ്റർ വീതിയും 2.2 മീറ്റർ ഉയരവുമുള്ള ബോക്സ് ടൈപ്പ് അടിപ്പാതയാണ് അനുവദിച്ചിട്ടുള്ളത്. ദേശീയപാത നിർമാണം പൂർത്തിയായാൽ അരോളി–മാങ്കടവ്–പറശ്ശിനിക്കടവ് റോഡിലേക്ക് പ്രവേശനം പൂർണമായും തടസ്സപ്പെടും. കണ്ണൂരിൽ നിന്നുള്ള വാഹനങ്ങൾ അരോളി റോഡിലേക്ക് പ്രവേശിക്കാൻ കീച്ചേരി അടിപ്പാത വഴി കടന്നുവരണം. ഒട്ടേറെ ബസുകൾ സർവീസ് നടത്തുന്ന റോഡിലേക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ ഒന്നര വർഷമായി സമരം നടക്കുന്നു.
ഇവിടെ 2 മീറ്റർ വീതിയും 2.2 മീറ്റർ ഉയരവുമുള്ള ബോക്സ് ടൈപ്പ് പാത സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണു നിർത്തിവച്ചത്. പകരം 4 മീറ്റർ വീതിയിൽ അടിപ്പാത നിർമിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ അനുമതി ആയിട്ടില്ല. കണ്ണൂരിൽ നിന്നും 8 സ്വകാര്യ ബസുകൾ മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്ക് സർവീസ് നടത്തുന്നുണ്ട്. ബസുകൾക്ക് അടക്കം കടന്നുപോകാൻ സാധിക്കുന്ന നിലയിൽ വീതികൂട്ടി അടിപ്പാത നിർമിച്ചില്ലെങ്കിൽ അരോളി റോഡ് വഴിയുള്ള ബസ് സർവീസ് തടസ്സപ്പെടുമെന്ന ആശങ്കയിലാണു നാട്ടുകാർ. നാട്ടുകാരുടെ യാത്രാപ്രശ്നം പരിഹരിക്കാൻ വീതികൂട്ടി അടിപ്പാത നിർമിക്കണമെന്ന നേരത്തുണ്ടായ ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്നു വേളാപുരം സമരസമിതി അറിയിച്ചു.
No comments
Post a Comment