Header Ads

  • Breaking News

    പാഠപുസ്തകത്തിൽ ഇനി ടിപ്പുവില്ല; ആംഗ്ലോ-മൈസൂർ യുദ്ധവും, ഹൈദരലിയും പുറത്ത്; പാഠഭാഗങ്ങൾ തിരുത്തി എൻസിഇആർടി



    എട്ടാം ക്ലാസ് പാഠപുസ്‌തകത്തിൽ നിന്ന് ടിപ്പു സുൽത്താനെ കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കി എൻസിഇആർടി. സോഷ്യൽ സയൻസ് ടെക്സ്റ്റ് ബുക്കിൽ നിന്നാണ് ടിപ്പു സുൽത്താൻ, പിതാവ് ഹൈദരാലി, 1700ലെ ആംഗ്ലോ-മൈസൂർ യുദ്ധം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ വെട്ടിയത്. വിഷയം തൃണമൂൽ കോൺഗ്രസ് എംപി ഋതബ്രത ബാനർജി പാർലമെൻ്റിൽ ഉയർത്തിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരി ന്യായീകരണവുമായി രംഗത്തെത്തി. അതത് സംസ്ഥാനങ്ങൾക്ക് അവരുടെ നാട്ടിൽ നിന്നുള്ള വ്യക്തികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താമെന്ന വിചിത്ര വാദമാണ് കേന്ദ്ര മന്ത്രി ഉയർത്തിയത്.' വിദ്യാഭ്യാസം കൺകറൻ്റ് ലിസ്റ്റിന് കീഴിൽ വരുന്ന കാര്യമാണ്. ഭൂരിഭാഗം സ്‌കൂളുകളും സംസ്ഥാന സർക്കാരുകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. അതത് സംസ്ഥാന സർക്കാരുകൾക്ക് എൻസിഇആർടി പാഠപുസ്‌തകങ്ങൾ സ്വീകരിക്കുകയോ, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി അനുയോജ്യമായ രീതിയിൽ പാഠപുസ്‌തകങ്ങൾ രൂപപ്പെടുത്തുകയോ ചെയ്യാവുന്നതാണെന്നുംജയന്ത് ചൗധരി പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയത്തെ കൂട്ടുപിടിച്ച് പാഠപുസ്ത‌കങ്ങളിൽ സംഘപരിവാര അനുകൂല നിലപാടുകൾ കർശനമാക്കുന്നതായി നേരത്തെ ആരോപണമുണ്ട്. കഴിഞ്ഞ മാസം എൻസിഇആർടി ഔറംഗസീബും അക്ബറും ബാബറും ഉൾപ്പെടെയുള്ള മുഗൾരാജാക്കന്മാരെ ക്രൂരന്മാരും കൊലപാതകികളുമാക്കി അവതരിപ്പിച്ച് പുസ്‌തകങ്ങൾ പരിഷ്കരിച്ചിരുന്നു. അനിസ്ലാമികമായ ആചാരങ്ങൾ രാജ്യത്ത് നിരോധിച്ച ഭരണാധികാരിയായി ഔറംഗസീബിനെ വിശേഷിപ്പിക്കുമ്പോൾ, ക്രൂരതയുടെയും അസഹിഷ്‌ണുതയുടെയും പ്രതീകമായിട്ടാണ് അക്ബറിനെ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. മറാത്ത രാജാവ് ഛത്രപതി ശിവാജിയെ മികച്ച തന്ത്രജ്ഞനും കാഴ്ചപ്പാടുള്ള വ്യക്തിയായും വിശേഷിപ്പിക്കുന്നു. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്‌തകത്തിലാണ് ചരിത്രപരമായ ഉള്ളടക്കത്തിൽ വിവാദങ്ങൾക്ക് കാരണമാകുന്ന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.





    No comments

    Post Top Ad

    Post Bottom Ad