കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം; പെണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു
കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പെണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. മാതിരപ്പിള്ളി സ്വദേശി അന്‍സിലി (38)ന്റെ കൊലപാതകത്തില്‍ സുഹൃത്തായ ചേലാട് സ്വദേശിനിയായ അദീനയാണ് അറസ്റ്റിലായത്. അദീന എന്തോ കലക്കി നല്‍കിയതായി മരിക്കുന്നതിന് മുമ്പ് അന്‍സില്‍ സഹോദരനോട് പറഞ്ഞിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്
അടുത്തിടെ അന്‍സിലും അദീനയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതേ തുടര്‍ന്ന് അന്‍സിലിനെതിരേ അദീന പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതിന് ശേഷം ഇരുവരും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു. മാലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അദീനയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സില്‍ എത്തിയത്
വെള്ളിയാഴ്ച്ച പുലര്‍ച്ചെ അന്‍സില്‍ പോലിസിനെ വിളിച്ച് തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, അന്‍സില്‍ വിഷം കഴിച്ചു എന്നാണ് അദീന അന്‍സിലിന്റെ മാതാവിനെ വിളിച്ചുപറഞ്ഞത്. 'വിഷം കഴിച്ച് കിടപ്പുണ്ട് എടുത്തോണ്ട് പോയ്‌ക്കോ' എന്നായിരുന്നു അദീനയുടെ വാക്കുകള്‍. അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന ദൃശ്യം വിഡിയോ കോളില്‍ വിളിച്ചു കാണിച്ചുകൊടുക്കുകയും ചെയ്തു. തനിക്ക് അദീന എന്തോ കലക്കി നല്‍കിയെന്നാണ് ആശുപത്രിയിലേക്ക് പോവും വഴി അന്‍സില്‍ സഹോദരനോട് പറഞ്ഞത്. അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയിലാണ് കൊലപാതകശ്രമത്തിന് പോലിസ് കേസെടുത്തിരുന്നത്. അന്‍സില്‍ മരിച്ചതോടെ ഇത് കൊലക്കേസായി മാറി. അദീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷം സൂക്ഷിച്ചിരുന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്.
No comments
Post a Comment