Header Ads

  • Breaking News

    ചിറക്കൽ കിഴക്കേമൊട്ട പുനരധിവാസ സങ്കേതം: നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു





    ചിറക്കൽ:-പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി ചിറക്കൽ കിഴക്കേമൊട്ട പുനരധിവാസ സങ്കേതത്തിന്റെ നിർമാണ പ്രവൃത്തികൾ കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി.

    എംഎൽഎയുടെ നിർദേശ പ്രകാരം 2024-25 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കുന്നുംകൈ കിഴക്കേമൊട്ട നഗറിൽ 54 എസ് സി കുടുംബങ്ങളും 14 ജനറൽ വീടുകളുമാണുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നതും 25 പട്ടികജാതി കുടുംബങ്ങളെങ്കിലും ഉള്ള പട്ടികജാതി നഗറുകളെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികൾ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് വികസന പ്രവൃത്തികൾ നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രാമവാസികളുമായി ആലോചനായോഗം ചേർന്ന് മോണിറ്ററിംഗ് പ്രതിനിധികളെ തെരഞ്ഞെടുത്താണ് നടപ്പിലാക്കേണ്ട പദ്ധതികൾ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കോടി രൂപ ചെലവിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വീടുകൾ, അങ്കണവാടിയുടെ മുൻഭാഗം, കിണർ പമ്പ് ഹൗസ് എന്നിവയുടെ സമീപത്ത് സംരക്ഷണ ഭിത്തി നിർമാണം, അങ്കണവാടിയുടെ മുൻവശത്തെ വഴി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കൽ, കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി രണ്ട് കിണറുകൾ വൃത്തിയാക്കി പാർശ്വഭിത്തി കെട്ടി സംരക്ഷിക്കൽ, നിലവിലുള്ള ഫുട് പാത്ത് ഓവുചാലാക്കി കോൺക്രീറ്റ് സ്ലാബ് ഇടൽ എന്നീ നിർമാണ പ്രവൃത്തികൾ നടത്തും. തലശ്ശേരി ജില്ലാ നിർമിതി കേന്ദ്രം നിർവഹണ ഏജൻസിക്കാണ് നിർമാണ ചുമതല. 

    കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ഒ.പി ആർദ്ര വിജയകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനിൽകുമാർ, കണ്ണൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി സതീശൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എൻ ശശീന്ദ്രൻ, കെ വത്സല, ടി.കെ മോളി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ സതി, ചിറക്കൽ പഞ്ചായത്ത് വാർഡ് അംഗം പി അനീഷ് കുമാർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ, കെ സോമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പവിത്രൻ, ആർ പ്രമോദ്, സിദ്ദിഖ് പുന്നക്കൽ, ടി.കെ ബാബു എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad