തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തീയും പുകയും; ഒഴിവായത് വന്‍ അപകടം
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തീയും പുകയും. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആറ്റിങ്ങല്‍ മുനിസിപ്പല്‍ പ്രൈവറ്റ് സ്റ്റാന്‍ഡിന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയര്‍ന്നത്. പരിസരവാസികളുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
50 ഓളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ ബസിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് ബസ് ദേശീയ പാതയില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് നിര്‍ത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കി. ഇതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. ജീവനക്കാര്‍ക്കൊപ്പം സമീപവാസികളും കൂടി ചേര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. സമീപത്തെ വ്യാപാര സ്ഥാപനത്തിനുളളിലെ അഗ്‌നി നിയന്ത്രണ സംവിധാനം എത്തിച്ചാണ് തീ കെടുത്തിയത്.
ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. ബസിന്റെ ഉള്‍വശത്തെ ചാര്‍ജിങ് സോക്കറ്റ് സമീപത്തു നിന്നാണ് തീയും പുകയുയര്‍ന്നത്. ഇതിനോട് ചേര്‍ന്ന് വച്ചിരുന്ന ബാഗുകളിലും തീ പടര്‍ന്നു. അപകട സമയത്ത് അന്‍പതോളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീയും പുകയും കണ്ട് ഉടന്‍ ബസ് റോഡ് അരികിലേക്ക് ഒതുക്കുകയും യാത്രക്കാരെ ബസ് ജീവനക്കാര്‍ സുരക്ഷിതരായി പുറത്തിറക്കുകയുമായിരുന്നു.
No comments
Post a Comment