Header Ads

  • Breaking News

    കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി; സംസ്ഥാന സർക്കാർ അപ്പീൽ നൽകില്ല; നിലപാട് സുപ്രീം കോടതിയെ അറിയിക്കും



    കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കും. പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് തീരുമാനം. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന് പിന്നിലെ മറ്റൊരു കാരണമാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി നടപ്പാക്കിയതിനാൽ ഇതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. പ്രവേശന നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

    അതേ സമയം, കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.

    എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പ്രൊസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. 14 വര്‍ഷമായി നിലനിന്ന അനീതി ഇല്ലാതാക്കുകയാണ് സിലബസ് പരിഷ്‌കരണത്തിലൂടെ ചെയ്തത്. സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പഴയ പ്രൊസ്‌പെക്ടസ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

    കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഈ വിധിയിൽ സർക്കാർ നൽകിയ അപ്പീലിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ച് കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്.


    No comments

    Post Top Ad

    Post Bottom Ad