Header Ads

  • Breaking News

    ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റയാളെ തിരിച്ചറിഞ്ഞു; റോഡില്‍ നിര്‍ത്തിയിട്ട കാര്‍ വില്‍ക്കാനും ശ്രമം


    _താമരശ്ശേരി: പരപ്പൻപൊയിലിലെ വാടകസ്റ്റോറില്‍ നിന്നും ബിരിയാണിച്ചെമ്പുകളും ഉരുളിയുമെല്ലാം വാടകയ്ക്ക് എടുത്തുകൊണ്ടുപോയി പൂനൂർ ചീനിമുക്കിലെ ആക്രിക്കടയില്‍ മറിച്ചുവിറ്റയാളെ തിരിച്ചറിഞ്ഞു._

    _താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന യുവാവാണ് പാത്രങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി._

    _എന്നാല്‍, നഷ്ടമായെന്ന് കരുതിയ സാധനങ്ങള്‍ തിരികെക്കിട്ടിയതോടെ വാടകസ്റ്റോർ ഉടമയും മറിച്ചുവിറ്റ സാധനം വാങ്ങി പൊല്ലാപ്പിലായ ആക്രിക്കട ഉടമയും പരാതിയുമായി മുന്നോട്ടു പോവുന്നില്ലെന്ന് നിലപാടെടുത്തതോടെ സംഭവം കേസാക്കാതെ തീർക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ഇടപെട്ട് പാത്രങ്ങള്‍ ചൊവ്വാഴ്ചതന്നെ വാടകസ്റ്റോർ ഉടമയ്ക്ക് തിരികെ ലഭ്യമാക്കിയിരുന്നു. ആക്രിക്കടയില്‍ വിറ്റ രണ്ട് ബിരിയാണിച്ചെമ്പിനും രണ്ട് ഉരുളിക്കും പുറമെ, യുവാവ് വാടകയ്ക്കെടുത്തിരുന്ന ഓരോ ചട്ടുകവും കോരിയുംകൂടി ഉടമയ്ക്ക് തിരികെ കിട്ടി._

    _തട്ടിപ്പ് നടത്തിയ യുവാവ് മുൻപ് ഒരു പോക്സോ കേസില്‍ കുറ്റാരോപിതനായിരുന്നു. വാടകപ്പാത്രങ്ങള്‍ മറിച്ചുവില്‍ക്കുന്ന തട്ടിപ്പിന് ഇയാള്‍ ദിവസങ്ങള്‍ക്കുമുൻപ് തച്ചംപൊയില്‍ ഭാഗത്തെ വാടകസ്റ്റോറിലും ശ്രമം നടത്തിയിരുന്നെങ്കിലും, സംശയം തോന്നിയ സ്റ്റോർ ഉടമ അന്ന് പാത്രങ്ങള്‍ നല്‍കിയിരുന്നില്ല. കൈതപ്പൊയിലില്‍ ഒരുമാസം മുൻപ് അപകടത്തില്‍പ്പെട്ട ബൈക്ക് രണ്ട് കൂട്ടുകാർക്കൊപ്പം ചേർന്ന് യന്ത്രഭാഗങ്ങള്‍ ഊരിയെടുത്ത് വില്‍ക്കാനും ദിവസങ്ങള്‍ക്ക് മുൻപ് കാരാടിയില്‍ അപകടത്തില്‍പ്പെട്ട് നിർത്തിയിട്ടിരുന്ന കാർ സ്വന്തമാണെന്ന് അവകാശപ്പെട്ട് വർക്ക്ഷോപ്പുകാർക്ക് വില്‍ക്കാനും യുവാവ് ശ്രമം നടത്തിയതായാണ് വിവരം. അന്നെല്ലാം കൈയോടെ പിടികൂടപ്പെട്ടെങ്കിലും കേസുമായി മുന്നോട്ടുപോവാൻ ആരും മുതിരാതിരുന്നതാണ് ഇയാള്‍ക്ക് രക്ഷയായത്._

    No comments

    Post Top Ad

    Post Bottom Ad