മുൻ കാമുകിയുടെ ചിത്രം എഡിറ്റ് ചെയ്തു; നഗ്ന ചിത്രങ്ങളാക്കി ഇൻസ്‌റ്റഗ്രാമിൽ; യുവാവ് പിടിയിൽ
മുൻ കാമുകിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കൊട്ടാരക്കര സ്വദേശി കെ.കെ. ഹോബിനെ കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബെംഗളൂരു നോർത്ത് ഫുട്ബോൾ ക്ലബിലെ കളിക്കാരനാണ് പിടിയിലായ ഹോബിൻ. m4_xxxxz (ഒറിജിനൽ പേരല്ല) എന്ന ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലാണ് മാസങ്ങൾക്ക് മുൻപ് യുവതിയുടെ മുഖവുമായി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചത്.
ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങൾ എത്തിയതോടെ സുഹൃത്തുക്കൾ യുവതിയെ ഇക്കാര്യം അറിയിച്ചു. ഏപ്രിൽ പതിനൊന്നിന് യുവതി കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ചിത്രങ്ങൾക്ക് പിന്നിൽ തൻ്റെ മുൻകാമുകനായ ഹോബിനാണെന്ന് യുവതി പരാതിയിൽ വ്യക്തമാക്കി. 2024 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ പലപ്പോഴായി യുവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഹോബിൻ മോർഫ് ചെയ്‌ത് നഗ്ന ദൃശ്യങ്ങളാക്കി പങ്കുവെച്ചത്.
സ്ത്രീത്വത്തെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഹോബിൻ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ പുതിയ ഇൻസ്‌റ്റഗ്രാം അക്കൗണ്ടും ഹോബിൻ തയാറാക്കി. abxxxx 11 എന്ന അക്കൗണ്ട് വഴിയാണ് m4_xxxxz എന്ന പേജിലേക്ക് ചിത്രങ്ങൾ പോസ്‌റ്റ് ചെയ്തിരുന്നത്.
സൈബർ പൊലീസ് കേസെടുത്തതിന് പിന്നാലെ ഹോബിൻ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഹോബിൻ സ്‌റ്റേഷനിൽ ഹാജരായി. തുടർന്ന് അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാൻഡ് ചൈയ്തു. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ എസിപി സുൾഫിക്കറിന്റെ നിർദേശ പ്രകാരം ഇൻസ്പെക്‌ടർ പി.എ. ഷമീർഖാനാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.
No comments
Post a Comment