Header Ads

  • Breaking News

    മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഇടപെടൽ തുടരുന്നു ; ഇന്നും ചർച്ച നടത്തും





    ദില്ലി :- യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു. യെമൻ സമയം ഇന്ന് 10 മണിക്ക് കുടുംബവുമായി വീണ്ടും ചർച്ച (ഇന്ത്യൻ സമയം 12 മണി)നടത്തും. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്.

    നിമിഷ പ്രിയ വിഷയത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചു. ഇന്ന് രാവിലെ യമൻ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ തലാലിന്റെ നാടായ ദമാറിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി പരമ്പരയിലെ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനും ആണ് എന്ന കാര്യം വലിയ പ്രതീക്ഷ നൽകുന്നു. അദ്ദേഹം കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകും.

    കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശവാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള കമ്യൂണിക്കേഷൻ ആദ്യമായി സാധിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്. ഇന്നത്തെ ചർച്ചയിൽ ബ്ലഡ് മണി സ്വീകരിക്കുന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കുടുംബത്തെ അനുനയിയപ്പിക്കുന്നതിന്റെ ശ്രമങ്ങൾക്കിടയിൽ നാളത്തെ ശിക്ഷ നൽകുന്ന നടപടി താൽക്കാലികമായി നീട്ടിവെക്കുക എങ്കിലും ചെയ്യണം എന്ന കാന്തപുരത്തിന്റെ ആവശ്യം യമൻ ഭരണകൂടം ഇന്ന് പരിഗണിക്കും.

    No comments

    Post Top Ad

    Post Bottom Ad