Header Ads

  • Breaking News

    അനധികൃത വാട്‌സാപ്പ് ലോട്ടറി വ്യാപകമാകുന്നു




    കണ്ണൂർ :- അനധികൃത വാട്‌സാപ് ലോട്ടറി വ്യാപകമാകുന്നു. എഴുത്തു ലോട്ടറിക്കെതിരെ പൊലീസ് നടപടികൾ കർശനമാക്കിയതിനെ തുടർന്നാണു പുതിയ രീതിയിലേക്കു തിരിഞ്ഞത്. ചില ലോട്ടറി ഏജന്റുമാർ തന്നെയാണു വാട്സാപ് ലോട്ടറിയും നടത്തുന്നതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഭാഗ്യക്കുറിയുടെ അതതു ദിവസത്തെ നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നു നമ്പറുകൾ മുൻകൂട്ടിയെഴുതി പണം കൊയ്യുന്ന എഴുത്തുലോട്ടറി രീതി തന്നെയാണു വാട്സാപ് ലോട്ടറിയിലും പിന്തുടരുന്നത്.

    സംസ്ഥാന ലോട്ടറിയുടെ വിലയായ 50 രൂപയ്ക്ക് 5 നമ്പർ എടുക്കാമെന്നതാണു ഭാഗ്യാന്വേഷികൾ കൂടുതലായി വാട്സാപ് ലോട്ടറിയിലേക്ക് ആകർഷിക്കപ്പെടാൻ കാരണം. ഒരു തവണ മൂന്നക്ക നമ്പർ എഴുതാൻ 10 രൂപയാണ് ഈടാക്കുന്നത്. മൂന്നക്ക നമ്പർ വാട്‌സാപ് വഴി അയച്ച്, പണം ഗൂഗിൾ പേ ചെയ്യണം. നറുക്കെടുത്താൽ ഒന്നാം സമ്മാനം വരുന്ന നമ്പറിൻ്റെ അവസാനത്തെ മൂന്നക്കത്തിന് 5000 രൂപ വീതവും രണ്ടക്കത്തിന് 500 രൂപയും ഒരക്കത്തിന് 100 രൂപയുമാണു സമ്മാനം.

    എഴുതി നൽകിയ നമ്പറിൽ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ സംസ്‌ഥാന ലോട്ടറി ഫലം വന്നതിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ സമ്മാനത്തുക ഗൂഗിൾ പേ വഴി ലഭിക്കും. ഒരു നമ്പറിന് 10 രൂപ എന്ന നിരക്കിൽ എത്ര നമ്പർ വേണമെങ്കിലും എഴുതി അയയ്ക്കാമെന്നതിൽ സമാന്തര ലോട്ടറിയിലൂടെ മറിയുന്നതു ലക്ഷങ്ങളാണ്. ലോട്ടറി വിൽപനക്കാരുടെ വിശ്വസ്തരുടെ വാട്സാപ് നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നു പൊലീസ് പറയുന്നു. ഒട്ടേറെപ്പേർക്കു സമ്മാനം ലഭിക്കുന്നതും വിലക്കുറവുമാണു വാട്‌സാപ് ലോട്ടറിയെ ആകർഷകമാക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad