Header Ads

  • Breaking News

    ചെങ്ങളായി ചുഴലി റോഡിലെ ഗർത്തം സോയിൽ പൈപ്പിംഗ് മൂലം; റോഡ് അടച്ചു





    ചെങ്ങളായി ചുഴലി - കാവുമ്പായി റോഡിൽ ഗർത്തം രൂപപ്പെട്ടത് സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമാണെന്ന് സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയ വിദഗ്ധ സംഘം സ്ഥിരീകരിച്ചു. റോഡിലൂടെ കാൽ നട പോലും അസാധ്യമാണെന്നും റോഡ് പൂർണമായും അടച്ചതായും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്നകുമാരി അറിയിച്ചു. ജില്ലാ പഞ്ചായത്ത്‌ റോഡാണിത്. ഗതാഗതം നിടിയേങ്ങ റോഡ് വഴി തിരിച്ചു വിട്ടു. തളിപ്പറമ്പ് താലൂക്കിൽ ചെങ്ങളായി പഞ്ചായത്തിൽ വാർഡ് അഞ്ച് മമ്മലത്തേരിയിലൂടെ കടന്നു പോകുന്ന ചുഴലി - കാവുമ്പായി റോഡിൽ പനങ്കുന്ന് ആലൂർച്ചേരി വലത് ഭാഗത്ത് 2.50 മീറ്റർ നീളത്തിലും 2.20 മീറ്റർ വീതിയിലും മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ആഴത്തിലുമാണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് റിപ്പോർട്ട്‌ നൽകി. തെക്ക് പടിഞ്ഞാറ് ദിശയിൽ ഗർത്തം നീണ്ടു പോകുന്നതായി കാണുന്നു. പ്രസ്തുത സ്ഥലത്ത് നേരത്തെ രൂപപ്പെട്ടിട്ടുള്ള സോയിൽ പൈപ്പിംഗ് മുഖേനയുളള കുഴൽ രൂപത്തിലുള്ള ഗർത്തത്തിലേക്ക് അതിവൃഷ്ടിയെ തുടർന്ന് ഇന്റേണൽ സീപേജ് മുഖേന മണ്ണിടിഞ്ഞ് താഴ്ന്നതാകാം റോഡിൽ ഗർത്തം രൂപപ്പെടാനിടയാക്കിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നുവെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട്‌ നൽകി.

    അസിസ്റ്റന്റ് ജിയോളജിസ്റ്റ് സി ധനശ്രീ, മണ്ണ് സംരക്ഷണ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ സി ജെ സണ്ണി എന്നിവർ സ്ഥല പരിശോധന നടത്തി.റോഡിൽ ഗർത്തം രൂപപ്പെട്ടതോടെ ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഒരു മീറ്ററിലേറെ ആഴമുള്ള ഗർത്തം രൂപപ്പെട്ടത്. നെല്ലിക്കുന്നിനടുത്തുള്ള ടർഫിനു സമീപമാണ് ഗർത്തം കണ്ടത്. ആറ് വർഷം മുമ്പ് സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് മെക്കാഡം ടാറിങ് പൂർത്തിയാക്കിയ റോഡാണിത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ എന്നിവരും മണ്ണ് സംരക്ഷണം, ജിയോളജി വകുപ്പിലെ ഓഫീസർമാരും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എൻജിനീയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി.

    No comments

    Post Top Ad

    Post Bottom Ad