Header Ads

  • Breaking News

    ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; മനംനൊന്ത് ജീവനൊടുക്കി റസീന: സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിൽ





    കണ്ണൂർ പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച്‌ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാൻ്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻ കണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥ‌ാനത്തിലാണ് അറസ്‌റ്റ്. ഞായറാഴ്‌ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്‌റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്‌റ്റിലായ പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു‌.


    No comments

    Post Top Ad

    Post Bottom Ad