Header Ads

  • Breaking News

    വാഹന യാത്രക്കാർക്ക് അപകടക്കെണിയായി താവം റെയിൽവേ മേൽപ്പാലം റോഡിലെ കുഴികൾ

    പഴയങ്ങാടി : താവം റെയിൽവേ മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ അടച്ചെങ്കിലും വീണ്ടും രൂപപ്പെട്ട കുഴികൾ അപകടക്കെണിയായി മാറുന്നു. മഴ ശക്തമായി പെയ്യാൻ തുടങ്ങിയതോടെ മഴ വെള്ളം കുഴിയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. 
    മേൽപ്പാലത്തിൽ പഴയങ്ങാടി ഭാഗത്തും താവം ഭാഗത്തും രൂപപ്പെട്ട കുഴികളിൽ കമ്പികൾ പുറത്ത് കാണാൻ കഴിയുന്ന വിധത്തിലാണ് ഉള്ളത്.

     കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴി തിരിച്ചറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട് പഴയങ്ങാടി മേൽപ്പാലത്തിലെ റോഡിൽ പല ഭാഗത്തായി ചെറുതും വലുതുമായ ഒട്ടേറെ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. നേരത്തെ അടച്ചിട്ടുള്ള കുഴികളാണ് വീണ്ടും പൊട്ടിയിട്ടുള്ളത്. 

    നേരത്തേ രൂപപ്പെട്ട കുഴി ഒരു നേർച്ച പോലെ അടച്ചതല്ലാതെ പാലത്തിനു മുകളിലും കെഎസ്ടിപി റോഡിലെ ഭൂരിഭാഗം സ്ഥലത്തും രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കാൻ അധികൃതർ വലിയ നിസ്സംഗതയാണ് കാണിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്.
    ഭൂരിഭാഗം നാഷണൽ പെർമിറ്റ് ലോറിയുൾപ്പെടെയുള്ള വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കടന്നു പോകുന്ന റോഡിലാണ് വലിയ യാത്രാദുരിതമായി മാറിയ കുഴികളുള്ളത്. രാത്രിയിൽ പാലത്തിനു മുകളിലെ സൗര വിളക്കുകളൊന്നും കത്താത്തതും ഇരുട്ടിൽ വലിയ അപകടത്തിനു തന്നെ കാരണമാകുന്നുണ്ട്. 
    ദേശീയപാതയിൽ പുതിയ റോഡിന്റെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ മഴയിൽ ആ ഭാഗമെല്ലാം ചെളിക്കുളവും വലിയ അപകട ഭീഷണിയിലുമാണ്. കുഴികൾ എത്രയും പെട്ടെന്നു തന്നെ ഇളകിപ്പോകാത്ത വിധം അടയ്ക്കണമെന്നാണ് പൊതുജന ആവശ്യം

    No comments

    Post Top Ad

    Post Bottom Ad