Header Ads

  • Breaking News

    15 പദ്ധതികളിലായി വരുന്നത് 3110 കോടിയുടെ നിക്ഷേപമെന്ന് വ്യവസായ മന്ത്രി പി രാജീവ്

    കല്‍പ്പറ്റ:രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം കല്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.പഞ്ചനക്ഷത്ര ഹോട്ടല്‍ (70 കോടി), പാലും പാലുല്‍പ്പന്നങ്ങളുടെയും നിര്‍മാണം (115 കോടി), കേന്ദ്ര സര്‍ക്കാര്‍ കൂടി ചേര്‍ന്നുള്ള വയനാട് അഗ്രോ ക്ലസ്റ്റര്‍ (200 കോടി), തീം പാര്‍ക്ക് (45 കോടി), അള്‍ട്ര പാര്‍ക്ക് (15 കോടി), വെല്‍നെസ്സ് കേന്ദ്രം (6.5 കോടി) തുടങ്ങിയവ ഉള്‍പ്പെടുന്നവയാണ് വരാന്‍ പോകുന്ന പദ്ധതികളെന്ന് വ്യവസായ മന്ത്രി പറഞ്ഞു.

    ഇതിന് പുറമെ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് 19.9 ഏക്കറില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് വരികയാണ്. പാര്‍ക്കിന്റെ നിര്‍മാണം ജൂണില്‍ തുടങ്ങും. കോഫി മ്യൂസിയം, കോഫി പാര്‍ക്ക് എന്നിവയുള്‍പ്പെടുന്ന, വിനോദസഞ്ചാര മേഖലയ്ക്ക് കൂടി പ്രാധാന്യമുള്ള പദ്ധതി യായിരിക്കുമിത്.

    കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ വയനാട് ജില്ലയില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള 13 പദ്ധതികള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. ഇതുവഴി 241 കോടി രൂപയുടെ നിക്ഷേപവും 578 തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടത്.

    പട്ടികജാതി -പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളുഅധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച രീതിയില്‍ നടന്ന മേളയാണ് വയനാട്ടിലേതെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തോളം പേര്‍ മേള സന്ദര്‍ശിച്ചു എന്നാണ് ഏകദേശ കണക്ക്.

    മികച്ച തീം സ്റ്റാളുകള്‍ക്കുള്ള ജില്ലാ കളക്ടറുടെ പുരസ്‌കാരത്തിന് ആരോഗ്യവകുപ്പിന്റെ സ്റ്റാള്‍ അര്‍ഹമായി. ജല വിഭവ വകുപ്പിന്റെ സ്റ്റാള്‍ രണ്ടാം സ്ഥാനവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ മൂന്നാം സ്ഥാനവും നേടി. മികച്ച വാണിജ്യ സ്റ്റാളിനുള്ള പുരസ്‌കാരം വയനാട് ഹാന്‍ഡ്ലൂം & പവര്‍ലൂം മള്‍ട്ടിപര്‍പ്പസ് വ്യവസായ സഹകരണ സംഘം തൃശ്ശിലേരി നേടി.

    മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈ നാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, നടന്‍ അബുസലീം, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി,
    രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ റഫീക്ക്, സി എം ശിവരാമന്‍, രജിത്ത്, റജി ഓലിക്കര എന്നിവര്‍ സംബന്ധിച്ചു.

    ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു നന്ദിയും പറഞ്ഞു. അന്തരിച്ച വിഖ്യാത സംവിധായകന്‍ ഷാജി എന്‍ കരുണിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പരിപാടി തുടങ്ങിയത്.

    ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഒരാഴ്ച്ച നീണ്ട മേള സംഘടിപ്പിച്ചത്.

    മേളയ്ക്ക് ഉജജ്വല സമാപനം

    ജനങ്ങള്‍ക്കുള്ള സൗജന്യ സേവനങ്ങളായും വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണമായും സര്‍ക്കാരിന്റെ നേട്ടങ്ങളുടെ അടയാളപ്പെടുത്തലായും മനം നിറച്ച കലാപരിപാടികളായും ഭക്ഷ്യമേളയായും നിറഞ്ഞു നിന്ന മേളയാണ് ഒരാഴ്ച്ച കല്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയിലേക്ക് ആയിരക്കണക്കിന് ജനങ്ങളെ ആകര്‍ഷിച്ചശേഷം കൊടിയിറങ്ങിയത്. നടി കൃഷ്ണപ്രഭയുടെ ബാന്റോടെ പരിപാടിയ്ക്ക് തിരശ്ശീല വീണു.

     



    No comments

    Post Top Ad

    Post Bottom Ad