Header Ads

  • Breaking News

    കേരളത്തില്‍ ഭായിമാരുടെ ഇടയില്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് അരലക്ഷം വിദേശികള്‍, ജാഗ്രത വേണമെന്ന് മിലിറ്ററി ഇന്റലിജന്‍സ്




    കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ അരലക്ഷം വിദേശ അഭയാര്‍ത്ഥികള്‍ കഴിയുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. കേന്ദ്ര മിലിറ്ററി ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഗുരുതരമായ കാര്യങ്ങളാണ് പറയുന്നത്. പ്രധാനമായും ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ വ്യാജ ആധാര്‍ കാര്‍ഡുമായി സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരനെന്ന മേല്‍വിലാസത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നതിന് ഈ വ്യാജ ആധാര്‍ കാര്‍ഡുകള്‍ അഭയാര്‍ത്ഥികള്‍ ഉപയോഗിക്കുന്നുണ്ട്. കുറ്റവാളികളായ ഇന്ത്യന്‍ പൗരന്‍മാര്‍ വ്യാജ ആധാര്‍ കാര്‍ഡ് രാജ്യം വിടുന്നതിനായി ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അസമിലെ മധുപുര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുര്‍, കേരളത്തിലെ പെരുമ്ബാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചതായാണു കണ്ടെത്തല്‍. കേരളത്തില്‍ പെരുമ്ബാവൂരിന് പുറമേ മലപ്പുറത്തെ ആധാര്‍ സെന്ററില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയല്‍സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് ബിഎസ്‌എഫ് (അതിര്‍ത്തി സംരക്ഷണ സേന) നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജ ആധാര്‍ ഉപയോഗിച്ചു കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം നടക്കുന്നതായി കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഒരു വര്‍ഷം മുന്‍പു സൂചന നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ മലപ്പുറം തൃപ്രങ്ങോട് അക്ഷയ കേന്ദ്രത്തിലെ ഓണ്‍ലൈന്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 50 ആധാര്‍ ഐഡികള്‍ വ്യാജമായി നിര്‍മിച്ചതായി കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (ഐപി) വിലാസങ്ങളില്‍നിന്നാണു നുഴഞ്ഞുകയറ്റം നടത്തിയത്. ആധാര്‍ ആക്‌ട് പ്രകാരം ഇത്തരത്തില്‍ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കുന്നത് ഒരു ലക്ഷം രൂപ വരെ പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള വ്യാജ കാര്‍ഡുകളുടെ വ്യാപകമായ ഉപയോഗം നടക്കുന്നുവെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനകളില്‍ തെളിഞ്ഞിരുന്നു. സംസ്ഥാനത്തെ സംബന്ധിച്ച്‌ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്നത്. ഇവരെക്കുറിച്ച്‌ കൃത്യമായ കണക്ക് സൂക്ഷിക്കുക ഓരോ ദിവസവും പുതിയതായി നിരവധിപേര്‍ എത്തുന്ന സാഹചര്യത്തില്‍ ഏറെക്കുറേ അസംഭവ്യമാണ്. ഫെഡറല്‍ നിയമം അനുസരിച്ച്‌ രാജ്യത്തെ ഒരു പൗരനേയും ഒരു സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതില്‍ നിയന്ത്രണമോ വിലക്കോ ഏര്‍പ്പെടുത്താന്‍ കഴിയുകയുമില്ല. നിയമത്തിലെ ഈ സാദ്ധ്യതയാണ് അഭയാര്‍ത്ഥികളെ വ്യാജ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ നിര്‍മ്മിച്ച്‌ സംസ്ഥാനത്ത് കഴിയാന്‍ പ്രേരിപ്പിക്കുന്നത്. അടുത്തിടെ കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ മോഷണം, കൊലപാതകം, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നിവ വര്‍ദ്ധിച്ച്‌ വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കേരള പൊലീസും വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പരിശോധനയും ശക്തമാക്കും.


    No comments

    Post Top Ad

    Post Bottom Ad