Header Ads

  • Breaking News

    അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്




    തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

    വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു.

    ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്.

    കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.

    സംസ്ഥാനത്തു ചില ക്ഷേത്രങ്ങളില്‍ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണ്ടു മുതലേ അരളി പൂജയ്‌ക്കോ മാല ചാര്‍ത്താനോ ഉപയോഗിക്കാറില്ല.

    No comments

    Post Top Ad

    Post Bottom Ad