Header Ads

  • Breaking News

    ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവും പരീക്ഷണവും അവതാളത്തില്‍; ഗ്രൗണ്ട് സജ്ജീകരണം പൂര്‍ത്തിയായില്ല, ടെസ്റ്റ് നടപടി മാത്രം പ്രാബല്യത്തില്‍




    ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന്റെ ഉത്തരവ് വന്നെങ്കിലും നടപടിയില്‍ തീർപ്പ് കല്‍പ്പിക്കാനാകാതെ പ്രതിസന്ധിയിലായി എംവിഡി.ടെസ്റ്റിംഗ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും സജ്ജമാക്കാതെയാണ് എംവിഡി ഉത്തരവുമായി മുന്നോട്ട് നീങ്ങുന്നത്. പുതിയ ഉത്തരവില്‍ പരാമർശിച്ചിരിക്കുന്ന അടിസ്ഥാന സജ്ജീകരണങ്ങള്‍ പോലും ഇനിയും എംവിഡി പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടില്ല. എന്നാല്‍ മെയ് ഒന്ന് മുതല്‍ പുതിയ രീതിയില്‍ ടെസ്റ്റ് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസം ഓഫീസ് മേധാവിയ്‌ക്ക് നല്‍കുകയും ചെയ്തു. ഉത്തരവ് സംബന്ധിച്ച പകർപ്പ് ലഭിച്ചതല്ലാതെ ഇതുവരെയും തുക അനുവദിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.

    എംവിഡിയുടെ കീഴില്‍ വരുന്ന എട്ട് ഓട്ടോമേറ്റഡ് ട്രാക്കുകളാണ് ഇനിയും സജ്ജമാക്കേണ്ടതായിട്ടുള്ളത്. 77 ഓഫീസുകളില്‍ ടെസ്റ്റിന് ആവശ്യമായ സജ്ജീകരണ പ്രവർത്തനങ്ങള്‍ നടത്തണമെന്ന് ഉത്തരവില്‍ പരാമർശിച്ചിരുന്നു. ഇതിന് അനുസൃതമായി വേണ്ട നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാത്തത് കൂടുതല്‍ ആശങ്കയ്‌ക്ക് കാരണമായിരിക്കുകയാണ്.

    മെയ് ഒന്ന് മുതല്‍ റിവേഴ്സ് പാർക്കിംഗ്, ഗ്രേഡിയന്റ് പരീക്ഷണം എന്നിവയാണ് കർശനമാക്കാൻ നിർദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന സജ്ജീകരണങ്ങള് നടത്താത്തതെ എങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രായോഗികമാക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്‌ക്കാൻ മാത്രമാണ് പ്രാബല്യത്തില്‍ വരുത്താനാകുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

    പുതുക്കിയ രീതികള്‍ പ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷണം ഈ മാസം 29-ന് നടക്കും. 100-ല്‍ അധികം ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ 15 ഉദ്യോഗസ്ഥരാണ് പരീക്ഷണ ഘട്ടം വിശകലനം ചെയ്യുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവർ ടെസ്റ്റിംഗ് കേന്ദ്രത്തിലാണ് പരീക്ഷണം നടക്കുക. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശാനുസരണം നിശ്ചിത സമയത്തിനുള്ളില്‍ 100 ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാകുമോ എന്നതാണ് പ്രാഥമിക ഘട്ടത്തില്‍ വിലയിരുത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad