Header Ads

  • Breaking News

    കേരള – ഗൾഫിലേക്കുള്ള യാത്രാക്കപ്പല്‍ ഒരുങ്ങുന്നു; കോഴിക്കോട്-ദുബൈ മൂന്ന് ദിവസം



    കണ്ണൂർ : കേരള – ഗൾഫിലേക്കുള്ള യാത്രാക്കപ്പൽ സർവീസിൻ്റെ സാധ്യതകൾ ചർച്ച ചെയ്യാൻ കേരള മാരിടൈം ബോർഡ് നടത്തിയ ആദ്യഘട്ട ചർച്ച ആശാവഹം. പ്രവാസികൾക്ക് കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന യാത്രാക്കപ്പൽ സർവീസിൽ സിങ്കപ്പൂർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ അതീവ താൽപ്പര്യം പ്രകടിപ്പിച്ചെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു.

    ഏപ്രിൽ 22 വരെയാണ് താൽപ്പര്യപത്രം സമർപ്പിക്കാൻ കഴിയുക. സാധാരണക്കാരായ പ്രവാസികൾക്ക് വിമാനത്തിന്റെ യാത്രാക്കൂലിയെക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാരിൻ്റെ ലക്ഷ്യം. ഇരുപതോളം കമ്പനികളുടെ പ്രതിനിധികളാണ് ഇന്നലെ കൊച്ചിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.

    കപ്പൽ സർവീസ്, വിനോദസഞ്ചാരം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളിൽനിന്നുള്ള കമ്പനികളാണ് മാരിടൈം ബോർഡിൻ്റെ ചർച്ചയിൽ പങ്കെടുത്തത്. സർക്കാരിൽനിന്നും മാരിടൈം ബോർഡിൽനിന്നും ലഭ്യമാക്കുന്ന സഹായങ്ങൾ യോഗത്തിൽ കമ്പനികളെ അറിയിച്ചു. കോഴിക്കോടുനിന്ന് ദുബായ് തുറമുഖം വരെ മൂന്നുദിവസം കൊണ്ടും, കൊച്ചി വഴി ചുറ്റിയാണെങ്കിൽ മൂന്നര ദിവസംകൊണ്ടും പൂർത്തിയാകുന്ന രീതിയിൽ കപ്പലിന് സർവീസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും പദ്ധതിയുടെ വിശദാംശങ്ങളും ഇന്നലെ നടന്ന യോഗത്തിൽ ചർച്ച ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad