Header Ads

  • Breaking News

    കുട്ടികളുടെ രചനയിൽ ഇറക്കിയത് 1056 പുസ്തകങ്ങൾ: കണ്ണൂർ ബ്യൂട്ടിഫുൾ തന്നെ

    കണ്ണൂർ: കണ്ണൂരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധർക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികൾ മറുപടി നൽകിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘എന്റെ പുസ്തകം എന്റെ വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം പള്ളിക്കുന്ന് കൃഷ്ണ മേനോൻ സ്മാരക വനിതാ കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

    ചടങ്ങിൽ മന്ത്രി വി .ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുമേഷ് എം.എൽ.എ,കളക്ടർ അരുൺ കെ.വിജയൻ എന്നിവർ മുഖ്യാതിഥികളായി. ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ അടൂർ യു.ആർ.എഫ് റെക്കോർഡ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി .ദിവ്യസ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. കെ.കെ.രത്നകുമാരി, യു.പി.ശോഭ, വി.കെ.സുരേഷ് ബാബു ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി.അബ്ദുൽലത്തീഫ്,എന്നിവർ പങ്കെടുത്തു.

     

    പുറത്തിറക്കിയത് കുട്ടികളുടെ 1056 പുസ്തകങ്ങൾ

    വിദ്യാർത്ഥികളിൽ വായനയും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘എന്റെ പുസ്തകം എന്റെ വിദ്യാലയം’. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 50000 കുട്ടികൾ എഴുത്തും വരയും നിറവും നൽകിയ 1056 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കുട്ടികൾ തന്നെ എഡിറ്ററായി തയ്യാറാക്കിയ കൈയെഴുത്തുപ്രതികൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ, വായനക്കുറിപ്പുകൾ, സയൻസ് ലേഖനങ്ങൾ, ചെറുനാടകങ്ങൾ എന്നിവയാണ് പുസ്തക രൂപത്തിൽ പുറത്തിറക്കുന്നത്.

    പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹായത്തോടെയാണ് ആശയം യാഥാർത്ഥ്യമാക്കിയത്. കൈരളി ബുക്സ്, ചിന്ത പബ്ലിഷേഴ്സ് എന്നീ പ്രസാധകരാണ് പ്രിന്റിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിയത്.ജില്ലാ പഞ്ചായത്തിന്റെ നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പരിപാടിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിച്ചു.

    സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിന്റെ സ്വർണക്കപ്പ് നേടിയത് കണ്ണൂരിലെ വിദ്യാർത്ഥികളാണ്. കലാസാഹിത്യ രംഗങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഇത്രയേറെ കുരുന്നുകളുള്ള ഈ നാടിനെ ബ്ലഡി കണ്ണൂരെന്ന് ചിലർ അധിക്ഷേപിച്ചു. അവർക്ക് കണ്ണൂരിലെ കുഞ്ഞുങ്ങൾ നൽകുന്ന മറുപടി കൂടിയാണ് ഇത്. കണ്ണൂരിനെ ബ്യൂട്ടിഫുളെന്ന് വിശേഷിപ്പിക്കണം-മുഖ്യമന്ത്രി പിണറായി വിജയൻ.

    No comments

    Post Top Ad

    Post Bottom Ad