Header Ads

  • Breaking News

    പൊതുവേദിയില്‍ കൊമ്പുകോര്‍ത്ത് കണ്ണൂര്‍ മേയറും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനും .




    കണ്ണൂര്‍: പൊതുവേദിയില്‍ കൊമ്ബുകോര്‍ത്ത് കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനനും കോര്‍പ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ പി.കെ.രാഗേഷും. പടന്നപ്പാലത്ത് കോര്‍പ്പറേഷൻ നിര്‍മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനവേദിയിലാണ് വാക്കേറ്റവും ബഹളവുമുണ്ടായത്. ഉദ്ഘാടകനായ മന്ത്രി എം.ബി. രാജേഷ് വേദി വിട്ട ശേഷമായിരുന്നു സംഭവം. 

    ഉദ്ഘാടനവും റിപ്പോര്‍ട്ട് അവതരണവും കഴിഞ്ഞ് ആശംസാപ്രസംഗത്തിലെത്തിയപ്പോഴാണ് ബഹളമായത്. മേയറായിരുന്നു പരിപാടിയുടെ അധ്യക്ഷൻ. മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മുസ്ലിഹ് മഠത്തിലിനെ ആദ്യം പ്രസംഗിക്കാൻ വിളിച്ചു. കക്ഷിനേതാക്കളെയാണ് വിളിക്കുന്നതെന്ന് മേയര്‍ പറഞ്ഞതോടെ പ്രതിഷേധവുമായി പി.കെ.രാഗേഷ് എഴുന്നേറ്റ് മേയറുടെ അടുത്തെത്തുകയായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനാണ് മൂന്നാംസ്ഥാനമെന്നും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും രാകേഷ് പറഞ്ഞു. താൻ സംസാരിച്ചേ പോകൂവെന്നും കൂട്ടിച്ചേര്‍ത്ത രാഗേഷ്, മേയര്‍ ഏകാധിപതിയാണെന്ന് വിളിച്ചുപറഞ്ഞു.

    എന്നാല്‍ ഈ ഉദ്ഘാടനത്തിനെതിരെ പത്രസമ്മേളനം നടത്തിയിട്ടാണ് രാഗേഷ് എത്തിയിരിക്കുന്നതെന്നും അങ്ങനെയുള്ളവര്‍ സംസാരിക്കേണ്ടെന്നും മേയര്‍ പറയുകയായിരുന്നു. തുടര്‍ന്ന് രാഗേഷും മേയറും കൈയില്‍ പിടിച്ച്‌ പരസ്പരം തള്ളി. സംഭവം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ യോഗനടപടികള്‍ അവസാനിപ്പിച്ചു. മേയര്‍ക്കെതിരെ രാഗേഷ് സ്റ്റേജില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 

    പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പി.കെ. രാഗേഷിനെ നേരത്തേ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. രാഗേഷ് ശനിയാഴ്ച രാവിലെ മേയറെ വിമര്‍ശിച്ച്‌ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ടി.ഒ. മോഹനൻ തിങ്കളാഴ്ച മേയര്‍സ്ഥാനം ഒഴിയാനിരിക്കെയാണ് എറെനാളായി തുടരുന്ന പോര് മൂര്‍ധന്യത്തിലെത്തിയത്. മേയര്‍ക്കെതിരേ കൗണ്‍സിലിനകത്തും പുറത്തും രാഗേഷ് നിരന്തരം വിമര്‍ശനം ഉന്നയിക്കാറുണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad