Header Ads

  • Breaking News

    ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ബോധവത്കരണത്തിന് ആരോഗ്യവകുപ്പ്.



    തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ആരോഗ്യവകുപ്പ്. നവംബര്‍ 24 വരെയാണ് വാരാചരണം നടക്കുക. ഈവര്‍ഷത്തോടെ സമ്ബൂര്‍ണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍.
    മെഡിക്കല്‍ സ്റ്റോറുകളില്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ ലഭിക്കില്ലെന്ന് പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. വാരാചരണത്തിന്‍റെ ഭാഗമായി ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
    ആന്‍റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗം മൂലം ഇവയെ ഫലശൂന്യമാക്കുംവിധമുള്ള ബാക്ടീരിയകളുടെ ആര്‍ജിത പ്രതിരോധ ശേഷിയെയാണ് ‘ആന്‍റിബയോട്ടിക് പ്രതിരോധം’ എന്ന് വിശേഷിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനമാണ് കേരളം.
    പ്രതിരോധശേഷി നേടുന്ന ബാക്ടീരിയകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ രോഗകാരികളായ വിവിധ ബാക്ടീരിയകള്‍ ഏതൊക്കെ ആന്‍റിബയോട്ടിക്കുകളെ അതിജീവിക്കുമെന്നും ഏതിനോടെല്ലാം കീഴ്പ്പെടുമെന്നതടക്കം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിവരശേഖരമാണ് ആന്‍റിബായോഗ്രാം. ഈ അടിസ്ഥാനവിവരങ്ങള്‍ ചികിത്സയെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കൃത്യമായ മരുന്ന് നിഷ്കര്‍ഷിക്കാൻ ഡോക്ടര്‍മാരെ സഹായിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

    No comments

    Post Top Ad

    Post Bottom Ad