കണ്ണൂരിന് ഇനി പുത്തന്‍ വികസന സ്വപ്‌നങ്ങള്‍, ആഗോള നിക്ഷേപ സംഗമത്തിന് ജില്ലാപഞ്ചായത്ത് ഒരുങ്ങി, പങ്കെടുക്കുന്നത് ഇരുന്നൂറിലേറെ പ്രവാസി സംരഭകര്‍
കണ്ണൂരിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാനുളള പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാപഞ്ചായത്തും ജില്ലാവ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോളനിക്ഷേപക സംഗമം( എന്‍. ആര്‍. ഐ സബ് മിറ്റ്) ഒക്‌ടോബര്‍ 30,31-തീയ്യതികളിലെ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കും.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സംരഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കണ്ണൂരിന്റെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാവാന്‍ താല്‍പര്യപ്പെടുന്ന കണ്ണൂരുകാരും അല്ലാത്തവരുമായ ഇരുന്നൂറോളം പ്രവാസി നിക്ഷേപകര്‍ ആഗോളനിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യദിനത്തില്‍ വ്യവസായം, കാര്‍ഷികം എന്നിവയിലും രണ്ടാംദിനം ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലയിലുമാണ് ചര്‍ച്ച നടക്കുക. പ്രവാസി വ്യവസായികളില്‍ നിന്ന് പുതുസംരഭങ്ങളിലൂടെ ജില്ലയിലെ വ്യവസായത്തിന് നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത്.
30ന് രാവിലെ പത്തുമണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നതോടെ സംഗമത്തിന് തുടക്കമാകും. രാമചന്ദ്രന്‍ കടന്നപ്പളളി എം. എല്‍. എ അധ്യക്ഷനാകും. എം.പി മാരായ കെ.സുധാകരന്‍, വി.ശിവദാസന്‍, എം. എല്‍. എമാരായ എം.വി ഗോവിന്ദന്‍, കെ.കെ ശൈലജ, കെ.പി മോഹനന്‍, സണ്ണിജോസഫ്, കെ.വി സുമേഷ്, ടി. ഐ മധുസൂദനന്‍, എം.വിജിന്‍, നോര്‍ക്ക ഡയറക്ടര്‍ ഒ.വി മുസ്തഫ തുടങ്ങിയവര്‍ പങ്കെടുക്കും. വ്യവസായ, കാര്‍ഷികനയങ്ങളും പദ്ധതികളും വ്യവസായ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ.കെ. എസ് കൃപകുമാര്‍, പ്രൊഫ. വി.പത്മാനന്ദ് എന്നിവര്‍ അവതരിപ്പിക്കും.
31-ന് നടക്കുന്ന പരിപാടികള്‍ രാവിലെ പത്തുമണിക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയര്‍ ടി.ഒ മോഹനന്‍ മുഖ്യാതിഥിയാകും. പി.സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ടൂറിസം വകുപ്പ് കെ.ടി. ഐ. എല്‍. എല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, ജില്ലാടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ടി.സി മനോജ്, ബിനുകുര്യാക്കോസ്,പ്രൊഫ. എ.സാബു, പി. എംറിയാസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ടൂറിസം, വ്യവസായം,വിദ്യാഭ്യാസം, ആരോഗ്യം,കൃഷി, ടെക്‌നോളജി,റീട്ടൈയ്ല്‍,കയറ്റുമതി, സേവനമേഖലകള്‍, തുടങ്ങി പ്രവാസികള്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാവുന്ന ചെറുതുംവലുതുമായ സംരഭങ്ങളാണ് നിക്ഷേപ സംഗമത്തിലൂടെ വരുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വിദേശരാജ്യങ്ങളായ യു. എ. ഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹി, ബംഗ്‌ളൂര്, ചെന്നൈ, ഹൈദരബാദ് എന്നിവടങ്ങളില്‍നിന്നാണ് നിക്ഷേപകര്‍ പങ്കെടുക്കുക. പ്രവാസി സംരഭകര്‍ക്ക് പദ്ധതികള്‍ അവതരിപ്പിക്കാനുളള അവസരവും ലഭിക്കും. കണ്ണൂരിന്റെ വ്യവസായ സംരഭകത്വ സാധ്യതാപഠനം ഈ വേളയില്‍ നടത്തും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യത മുതലെടുത്തുകൊണ്ടുളള വ്യവസായസംരഭങ്ങള്‍ക്കാണ് മുഖ്യപരിഗണനത്തയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു. കണ്ണൂരില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വരേണ്ടത് ടൂറിസ്റ്റുകളെ സംബന്ധിച്ചു അടിയന്തിരപ്രാധാന്യമുളളതാണ്.
ഇതിനായി സര്‍ക്കാര്‍ഭൂമി കണ്ടെത്തികൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ്കുര്യന്‍, ജില്ലാവ്യവസായ കേന്ദ്രം മാനേജര്‍ എ. എസ് ഷിറാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.സരള, ജില്ലാപഞ്ചായംഗങ്ങളായ അഡ്വ. ടി.രത്‌നകുമാരി, കെ.വി ബിജു, ചന്ദ്രന്‍ കല്ലാട്ട് എന്നിവര്‍ പങ്കെടുത്തു.
No comments
Post a Comment