Header Ads

  • Breaking News

    ജില്ലാ ആശുപത്രിയിൽ കിടത്തിച്ചികിത്സാ സൗകര്യം കൂട്ടാൻ കെട്ടിടം നിർമിക്കും




    കണ്ണൂർ : ജില്ലാ ആശുപത്രിയിൽ കിടത്തിചികിത്സാ സൗകര്യം കൂട്ടാൻ പഴയ കെട്ടിടം പൊളിച്ച്‌ പുതിയത്‌ നിർമിക്കും. ജില്ലാ ആശുപത്രി ക്യാന്റീന് സമീപത്തെ പഴയ ഫീമെയിൽ മെഡിക്കൽ, സർജിക്കൽ വാർഡുകളുണ്ടായിരുന്ന കെട്ടിടമാണ്‌ മുഴുവനായും പൊളിച്ചുനീക്കുന്നത്‌. 1958ൽ സ്ഥാപിച്ച ഇരുനിലകെട്ടിടത്തിന്റെ ഭൂരിഭാഗവും പഴകി ദ്രവിച്ചതിനാൽ അടച്ചിട്ടിരിക്കുകയാണ്‌. ജില്ലാ ആശുപത്രി വികസനത്തിനായി സർക്കാർ അനുവദിച്ച 63 കോടി രൂപയിൽനിന്നാണ്‌ പുതിയ കെട്ടിടം നിർമിക്കുക. 

    ട്രാൻസ്‌ ജെൻഡർ വാർഡും എം.ആർ.ഐയും

    കിടത്തി ചികിത്സിയ്‌ക്കുള്ള അപര്യാപ്‌തത ഇല്ലാതാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ പറഞ്ഞു. 616 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ്‌ ആശുപത്രിക്കുള്ളത്‌. എന്നാൽ, കെട്ടിടങ്ങളുടെ ശോച്യാവസ്ഥ കാരണം 300 കിടക്കകളിലേ രോഗികളെ പ്രവേശിപ്പിക്കാൻ സാധിക്കുന്നുള്ളൂ. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട രോഗികൾക്കായി പ്രത്യേക വാർഡും എം.ആർ.ഐ സ്‌കാൻ സൗകര്യവും പുതിയ കെട്ടിടത്തിൽ ഒരുക്കുമെന്ന്‌ പി.പി. ദിവ്യ പറഞ്ഞു. 

    ആരോഗ്യവകുപ്പ്‌ സംസ്ഥാന ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ കെ. ശ്രീകണ്‌ഠൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പഴയ കെട്ടിടം സന്ദർശിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട്‌ എം. പ്രീത, ഡെപ്യൂട്ടി സൂപ്രണ്ട്‌ ലേഖ, ജില്ലാപഞ്ചായത്ത്‌ ആരോഗ്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ.കെ. രത്‌നകുമാരി, ബി.എസ്‌.എൻ.എൽ എക്‌സിക്യൂട്ടിവ്‌ എൻജിനിയർ ശ്രീരാമകൃഷ്‌ണൻ, പി. ആൻഡ്‌ സി സൈറ്റ്‌ മാനേജർ ദ്വാരക്‌ലാൽ എന്നിവർ ഒപ്പമുണ്ടായി.

    സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ 6 മാസത്തിനുള്ളിൽ

    ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ ആറുമാസത്തിനുള്ളിൽ പൂർണസജ്ജമായി പ്രവർത്തനം തുടങ്ങും. കെട്ടിടനിർമാണം പൂർത്തിയായി. മലിനജല സംസ്‌കരണ പ്ലാന്റ്‌ നിർമാണം പൂർത്തിയാകാൻ ആറുമാസമെടുക്കും. പഴയകെട്ടിടത്തിൽനിന്ന്‌ ഡയാലിസിസ്‌ കേന്ദ്രം സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക്‌ മാറ്റും. നിലവിൽ 20 പേർക്കാണ്‌ ഡയാലിസിസിന്‌ സൗകര്യമുള്ളത്‌. ഇത്‌ മുപ്പതാക്കും.


    No comments

    Post Top Ad

    Post Bottom Ad