Header Ads

  • Breaking News

    ചെയ്യാത്ത കുറ്റത്തിനാണ് എ.ഐ ക്യാമറ പണി തന്നതെങ്കിൽ ആര്‍.ടി.ഓഫീസ് കയറണ്ട; അപ്പീല്‍ ഓണ്‍ലൈനാകുന്നു






    ചെയ്യാത്ത കുറ്റത്തിന് ഓണ്‍ലൈന്‍ പിഴ ചുമത്തിയെന്ന പരാതിയുമായി ഇനി മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനം സെപ്റ്റംബര്‍ ആദ്യവാരം നിലവില്‍വരും. ഇതിനായി തയ്യാറാക്കിയ സോഫ്റ്റ്വേറിന്റെ പരീക്ഷണം പൂര്‍ത്തിയായി. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പരാതി സമര്‍പ്പിക്കാനുള്ള ലിങ്ക് നിലവില്‍വരും.
     
    ഓണ്‍ലൈന്‍ പരാതികള്‍ അതത് ആര്‍.ടി.ഒ.മാര്‍ക്ക് കൈമാറുംവിധത്തിലാണ് ക്രമീകരണം. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ എസ്.എം.എസ്. രജിസ്ട്രേഷന്‍ സംവിധാനമുണ്ടാകും. ഇ-ചെലാന്‍ നമ്പര്‍സഹിതമാണ് പരാതി രജിസ്റ്റര്‍ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ രേഖകളില്‍ നല്‍കിയ വാഹനയുടമയുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ രജിസ്ട്രേഷന് എസ്.എം.എസ്. ലഭിക്കും. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് പരാതിസമര്‍പ്പിക്കാം.
     
    നിശ്ചിതദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. പിഴ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച സന്ദേശം വാഹനയുടമയ്ക്ക് ലഭിക്കും. കരിമ്പട്ടിക നീക്കംചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഈ ഓണ്‍ലൈന്‍ പരാതിപരിഹാരസംവിധാനം ഭാവിയില്‍ ഉപയോഗിക്കാനാണ് തീരുമാനം. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറ സംവിധാനം നിലവില്‍വന്നതോടെയാണ് തെറ്റായി പിഴചുമത്തുന്നതുസംബന്ധിച്ച് പരാതി ഉയര്‍ന്നത്. 
     
    വാഹനരജിസ്ട്രേഷന്‍രേഖകളില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കില്‍ പിഴചുമത്തുന്ന സമയംതന്നെ സന്ദേശം ലഭിക്കും. വൈകിയാണ് പിഴസംബന്ധിച്ച വിവരമറിയുന്നതെങ്കില്‍ തെളിവുസഹിതം പരാതിപ്പെടാനുള്ള അവസരം നഷ്ടമാകും. അതിനാല്‍, രജിസ്ട്രേഷന്‍രേഖകളിലെ മൊബൈല്‍ നമ്പര്‍ കൃത്യമാണെന്ന് വാഹനയുടമ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad