നവാഗത വോട്ടർമാരുടെ ശ്രദ്ധയ്ക്ക്, കന്നിവോട്ടിന് ഇനി രണ്ട് അപേക്ഷകൾ സമർപ്പിക്കണം
കൊച്ചി: പതിനെട്ട് തികഞ്ഞ നവാഗത വോട്ടർമാരുടെ പട്ടികയിൽ പേര് ചേർക്കാൻ ഇനി രണ്ട് അപേക്ഷകൾ സമർപ്പിക്കേണ്ടി വരും. വോട്ടർ പട്ടിക പുതുക്കുന്ന നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും വെവ്വേറെ ആരംഭിക്കുന്നതിനാൽ രണ്ടിടത്തും പ്രത്യേകം അപേക്ഷ ഹാജരാക്കുകയും ഹിയറിങ്ങിന് പോകുകയും ചെയ്യേണ്ടതായി വരും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക തദ്ദേശ വാർഡ് അടിസ്ഥാനത്തിൽ പുനക്രമീകരിച്ചാൽ ഇത് ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്ന നിർദ്ദേശം നേരത്തെ മുതലുണ്ട്. പ്രത്യേക ഉത്തരവിലൂടെ കേന്ദ്ര കമ്മീഷന്റെ വോട്ടർ പട്ടിക സംസ്ഥാന കമ്മീഷന് സാധൂകരിക്കാനും കഴിയും
പേര് ചേർക്കാനുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കൽ, അപേക്ഷ സ്വീകരിക്കൽ, പരിശോധന ഹിയറിങ്, സമ്പൂർണ പട്ടിക തയ്യാറാക്കൽ എന്നിവയ്ക്ക് വേണ്ടതിന്റെ പകുതിയിൽ താഴെ അധ്വാനം മാത്രമെ വോട്ടർ പട്ടിക ക്രമീകരിക്കാൻ വേണ്ടി വരികയുള്ളൂ.
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ റവന്യു ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്. തദ്ദേശ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെങ്കിൽ തദ്ദേശ ഓഫീസുകളിലും അപേക്ഷ നൽകണം. കേന്ദ്ര കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കൽ ഒക്ടോബറിലാണ് ആരംഭിക്കുക. അടുത്ത ജനുവരി അഞ്ചിനുള്ളിൽ സമ്പൂർണ പട്ടിക പ്രസിദ്ധീകരിക്കാനാകുന്ന തരത്തിലാണ് നടപടികൾ. അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം വോട്ടർപട്ടിക പുതുക്കൽ ആരംഭിക്കും. കരട് പട്ടിക സെപ്റ്റംബർ എട്ടിനും സമ്പൂർണ പട്ടിക ഒക്ടോബർ 16നും പ്രസിദ്ധീകരിക്കും

No comments
Post a Comment