ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവിന് ദാരുണാന്ത്യം

കേളകം: ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവ് മരിച്ചു. കണ്ണൂര്‍ ആഡൂർ കോങ്ങാട്ട് പീടികക്ക് സമീപം സറീന മൻസിൽ ഷാഹിദ് (23) ആണ് മരിച്ചത്. അസീസിന്റെയും പരേതയായ സറീനയുടെയും മകനാണ്.
മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഷാഹിദ്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ആറളം ഫാം കാണാനെത്തിയപ്പോഴാണ് അപകടം നടന്നത്. ആറളം ഫാം ഗോഡൗണിന് സമീപത്ത് നിയന്ത്രണംവിട്ട കാർ സമീപത്തെ മരത്തിലിടിച്ചതിനെ തുടർന്ന് മരത്തിന്റെ ഒരു ഭാഗം കാറിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത് ഷാഹിദിന്റെ ദേഹത്തേക്ക് കുത്തിക്കയറുകയായിരുന്നു. ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബന്ധു ഇഗ്നാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ഇന്ന് ഉച്ചയോടെ ആഡൂർ ഖബർസ്ഥാനിൽ നടക്കും. സഹോദരി: ഷംന.
No comments
Post a Comment