Header Ads

  • Breaking News

    അമ്പിളി തൊടാന്‍ ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട്, പ്രതീക്ഷയോടെ ഐഎസ്ആർഒ




    ബംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകീട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിച്ചു. ചന്ദ്രനില്‍ നിന്നും വെറും 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ ഇപ്പോള്‍ ഉള്ളത്.

    സോഫ്റ്റ് ലാൻഡിം​ഗിന് ശേഷം ചന്ദ്രയാൻ പേടകം വഹിച്ചുകൊണ്ടുള്ള റോവർ ചന്ദ്രന്റെ ഉപരി തലത്തിൽ ഇറങ്ങും. അതിന് ശേഷം 14 ദിവസമാണ് പഠനം നടത്തുക. ​

    ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാൻ രണ്ടിൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിങ് ഏരിയ മാത്രമാണ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

    ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ ഐഎസ്ആർഒ പുറത്തു വിട്ടിരുന്നു. ലാൻഡറിൽ നിന്ന് പകർത്തിയ ദൃശങ്ങളാണ് ഐഎസ്ആർഒ പങ്കുവച്ചത്. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്​ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

    ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ കുതിച്ചത്.

    No comments

    Post Top Ad

    Post Bottom Ad