Header Ads

  • Breaking News

    ഹെല്‍മറ്റ് വെക്കാതെ ബൈക്കുകാരന്‍ ക്യാമറയിൽ; പിഴ അടക്കാന്‍ നോട്ടീസ് ട്രാവലര്‍ ഉടമയ്ക്ക്




    ഒറ്റപ്പാലം: യാത്രക്കാരന്‍ ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത ക്യാമറാ ദൃശ്യത്തിന് പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്ക്ക്. തൃശ്ശൂര്‍-കറുകുറ്റി റോഡില്‍ കറുകുറ്റി ജങ്ഷനിലെ ക്യാമറയില്‍ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ ദൃശ്യത്തിനാണ് പിഴയടയ്ക്കാന്‍ ഒറ്റപ്പാലം സ്വദേശിയായ സുനീഷ് മേനോന് ട്രാഫിക് പോലീസ് നോട്ടീസ് നല്‍കിയത്.

    മോട്ടോര്‍ വാഹനവകുപ്പിന്റെ എ.ഐ. ക്യാമറയിലല്ല, പോലീസിന്റെ ക്യാമറയിലെ ദൃശ്യപ്രകാരം വന്ന നോട്ടീസിലാണ് ഇത്. പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍നിന്നാണ് 1000 രൂപ പിഴയടയ്ക്കാനുള്ള നോട്ടീസ് വന്നിട്ടുള്ളത്. മറ്റൊരു വാഹനത്തിന്റെ നിയമലംഘനത്തിന് പിഴയടയ്ക്കുന്നത് ഒഴിവാക്കിത്തരണമെന്ന് അറിയിച്ച് ഉടമ പോലീസിന് പരാതി നല്‍കി. അവ്യക്തതകള്‍ നിറഞ്ഞനോട്ടീസാണിത്.

    പിഴയടയ്ക്കേണ്ടത് ബസ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ടീസിലെ ചിത്രം ഇരുചക്രവാഹനത്തിന്റെയും. ചിത്രത്തോട് ചേര്‍ന്ന ഭാഗത്ത് ഇരുചക്രവാഹനത്തിന്റെ നമ്പറും പിഴയടയ്ക്കാന്‍ പറയുന്ന ഭാഗത്ത് സുനീഷ് മേനോന്റെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ നമ്പറുമാണുള്ളത്.

    ഇരുചക്രവാഹനത്തിലെ രണ്ടാം യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന നിയമലംഘനം അടയാളപ്പെടുത്തുമ്പോള്‍ പിഴയടയ്ക്കുന്ന ഭാഗത് പറയുന്നത് വാഹനം നിര്‍ത്താതെപോയതുപോലെയുള്ള ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചുവെന്ന രീതിയിലുള്ള നിയമലംഘനമാണ്. എന്നാല്‍, ഇത്തരത്തിലുള്ള നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഉടമ പറയുന്നത്. പിഴയടയ്ക്കാതിരുന്നാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുമോയെന്ന ആശങ്കയിലാണ് ഉടമ.

    No comments

    Post Top Ad

    Post Bottom Ad