Header Ads

  • Breaking News

    മലയോര ജനതക്ക് ആശ്വാസം: ഇരിട്ടി താലൂക്ക് ആശുപത്രിക്ക്‌ 49 കോടിയുടെ കിഫ്ബി അംഗീകാരം



    ഇരിട്ടി : ഗവ. താലൂക്കാശുപത്രി വികസനത്തിന്‌ ആർദ്രം പദ്ധതിയിൽ ആരോഗ്യവകുപ്പ്‌ മൂന്ന്‌ കൊല്ലം മുമ്പ്‌ സമർപ്പിച്ച 49 കോടി രൂപയുടെ എസ്‌റ്റിമേറ്റും പ്ലാനും പുതുക്കി സമർപ്പിച്ച നിർദേശം കിഫ്‌ബി യോഗം അംഗീകരിച്ചു. കൺസൾട്ടൻസിയായ  
    കെ.എസ്‌.ഇ.ബി.യാണ്‌ പ്ലാനും എസ്‌റ്റിമേറ്റും ഹരിതപ്രോട്ടോകോൾ അനുസരിച്ച്‌ പുതുക്കി സമർപ്പിച്ചത്‌. പുതിയ പ്ലാനും എസ്‌റ്റിമേറ്റും കിഫ്‌ബിയോഗം അംഗീകരിച്ചു. 64 കോടി രൂപയുടേതാണ്‌ പുതിയ എസ്‌റ്റിമേറ്റ്‌. 

    ആശുപത്രിക്ക്‌ ആറ്‌ നിലയിലാണ്‌ പുതിയ ബ്ലോക്ക്‌ നിർമിക്കുക. ഒ.പി, ഐ.പി, സർജറി, ഫാർമസി, ക്ലിനിക്കൽ, പാരാമെഡിക്കൽ തുടങ്ങി എല്ലാ സൗകര്യങ്ങളോടുംകൂടിയ ബഹുനിലകെട്ടിടം പൂർത്തിയാകുന്നതോടെ മലയോരത്തെ ഏറ്റവും വലിയ ആശുപത്രിയായി ഇരിട്ടി താലൂക്കാശുപത്രി മാറും. ഒരു മാസത്തിനകം കെട്ടിടനിർമാണ ടെൻഡർ ക്ഷണിക്കാനുള്ള നീക്കങ്ങളിലാണ്‌ ആരോഗ്യവകുപ്പും സർക്കാരും കിഫ്‌ബിയും. 

    പുതിയ എസ്‌റ്റിമേറ്റ്‌ പ്രകാരം ആശുപത്രി സമുച്ചയ നിർമാണത്തിന്‌ 39, കാഷ്വാലിറ്റി ബ്ലോക്ക്‌ നവീകരണത്തിന്‌ 2.68, ചുറ്റുമതിൽ നിർമിക്കാൻ 2.33, ആശുപത്രിയിലെയും പരിസരത്തെയും റോഡുകളും അഴുക്കുചാലുകളും നവീകരിക്കാൻ 1.43, കുടിവെള്ളം, സാനിറ്ററി, ശുചീകരണ സംവിധാനങ്ങൾക്ക്‌ 3.66, വൈദ്യുതീകരണ ശൃംഖലകൾക്കായി 4.14, അഗ്നിരക്ഷാ പ്രവൃത്തികൾക്ക്‌ 1.92, മെഡിക്കൽ ഗ്യാസ്‌ പൈപ്പ്‌ ലൈൻ നിർമാണത്തിന്‌ 1.27 കോടി രൂപ വീതം വിനിയോഗിക്കും. കാർ പാർക്കിങ്‌ സംവിധാനമൊരുക്കാൻ 83 ലക്ഷം, സൗരോർജ പാനൽ നിർമാണത്തിന്‌ 39.5 ലക്ഷം, ജലശുദ്ധീകരണത്തിനുള്ള പ്യൂരിഫെയറുകൾ സ്ഥാപിക്കാൻ ഏഴു ലക്ഷം രൂപ വീതമാണ്‌ പുതിയ എസ്‌റ്റിമേറ്റിൽ. ചെറുതും വലുതുമായ നിരവധി നിർമാണ പ്രവൃത്തികൾ അടക്കമാണ്‌ 64 കോടിയുടെ ആശുപത്രി വികസനത്തിന്‌ കിഫ്‌ബി ഉന്നതതലയോഗം അംഗീകാരം നൽകിയത്‌. ബയോഗ്യാസ്‌ പ്ലാന്റ്‌ നിർമിക്കാൻ ആറ്‌ ലക്ഷവും ആശുപത്രി പരിസരത്ത്‌ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ 1.72 ലക്ഷവും പുതിയ എസ്‌റ്റിമേറ്റിലുണ്ട്‌. പാരിസ്ഥിതിക ആഘാതമില്ലാതെയുള്ള ആശുപത്രി ബ്ലോക്കാണ്‌ നിർമിക്കുക. 

    1957ൽ പി.എച്ച്‌.സി.യായി തുടക്കം കുറിച്ചതാണ്‌ ഇന്നത്തെ ഇരിട്ടി താലൂക്കാശുപത്രി. സി.എച്ച്‌.സി.യായും താലൂക്കാശുപത്രിയായും ഉയർത്തിയത്‌ എൽ.ഡി.എഫ്‌ സർക്കാരുകൾ. കെ.കെ. ശൈലജ മന്ത്രിയായിരിക്കെയാണ്‌ ആർദ്രം പദ്ധതിയിൽ ഇരിട്ടി താലൂക്കാശുപത്രി വികസനം പ്രഖ്യാപിച്ചത്‌.

    No comments

    Post Top Ad

    Post Bottom Ad