ട്രെയിനിൽ തീയിട്ട അക്രമി പിടിയിൽ: ഷാരൂഖ് സെയ്ഫിയെ പിടികൂടിയത് യുപി പോലീസിന്റെ നിർണായക നീക്കത്തിലൂടെ

എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. ഉത്തർപ്രദേശിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഉത്തർപ്രദേശിലെ ബുലന്ത്ഷഹർ എന്ന സ്ഥലത്തുനിന്നാണ് നോയിഡ സ്വദേശിയായ ഷാരൂഖ് സെയ്ഫിയെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഉത്തർപ്രദേശ് ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് പ്രതിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തത്. കേരള പൊലീസ് കൈമാറിയ രേഖാചിത്രവുമായി സാമ്യമുള്ളയാൾ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇത് അതേസമയം, പ്രതി തന്നെയാണോ എന്ന് ഉറപ്പിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു. കേസിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു.
ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. കേരള പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളിൽ അടക്കമെത്തി ഉത്തർപ്രദേശ് പൊലീസ് വിവരം തേടിയിരുന്നു.
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി അജിത് കുമാറിനൊപ്പം മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമൻ ഉൾപ്പെടെ 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജ്, താനൂർ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവർ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
ഞയറാഴ്ച്ച രാത്രി 9.30 ഓടെയാണ് ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ അക്രമി യാത്രക്കാർക്ക് നേരെ പെട്രോൾ തളിച്ച് തീയിട്ടത്. ട്രെയിൻ എലത്തൂരിൽ നിന്ന് പോയതിന് ശേഷമാണ് സംഭവം. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ റെയിൽവെ ട്രാക്കിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.
കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരി പുത്രി രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അക്രമത്തിനിടെ ഭയന്ന് ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്
No comments
Post a Comment