Header Ads

  • Breaking News

    റമസാൻ മാസത്തിലെ ഉംറ നിർവഹണത്തിന് സൗദി അറേബ്യ പെർമിറ്റ് നൽകി തുടങ്ങി




    സൗദി അറേബ്യ വിശുദ്ധ റമസാൻ മാസം ഉംറ നിർവഹിക്കുന്നതിന് വിശ്വാസികൾക്ക് പെർമിറ്റ് വിതരണം ആരംഭിച്ചു. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് നുസൂക് പ്ലാറ്റ്ഫോം വഴി അനുമതിയ്ക്ക് അപേക്ഷിക്കാമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. കൂടാതെ മുമ്പ് ഉംറ ബുക്കിങ്ങിനായി ഉപയോഗിച്ചിരുന്ന ഈറ്റ്മർന (Eatmarna app) ആപ്പ് റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു.

    “റമസാൻ മാസത്തിലെഉംറയ്ക്കുള്ള പെർമിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു.ഉംറയ്ക്കായി എളുപ്പത്തിൽ നുസുക് ആപ്പ് വഴി നിങ്ങളുടെ റിസർവേഷൻ നടത്തുക,” മന്ത്രാലയം ബുധനാഴ്ച ചെയ്ത ട്വീറ്റിൽ പറഞ്ഞു.

    ഈ വർഷം റമസാനിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ബുക്ക് ചെയ്യാൻ തുടങ്ങുക. സ്ലോട്ടുകൾ പരിമിതമാണ്, അതിനാൽ അവ വേഗത്തിൽ തീർന്ന് പോകാനിടയുണ്ട്. മാസത്തിലെ രണ്ട്, ഒമ്പത്, പതിനാറ് തീയതികളിലായി റമസാനിലെ ആദ്യ മൂന്ന് വ്യാഴാഴ്ചകളിൽ കടുത്ത തിരക്ക് അനുഭവപ്പെടാനിടയുള്ളതായും ടൈം മാപ്പിൽ വ്യക്തമാക്കുന്നു. റമസാനിലെ ശേഷിക്കുന്ന 20 ദിവസങ്ങളിൽ നേരിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. റമസാന്റെ അവസാന പത്ത് ദിവസങ്ങൾ ഇപ്പോഴും നുസുക്കിൽ ബുക്കിംഗിനായി തുറന്നിട്ടില്ല.

    ഉംറ തീർഥാടനവും പ്രവാചക പള്ളിയിൽ റൗദാ ശരീഫ് സന്ദർശന അനുമതിയും അനുബന്ധ സേവനങ്ങളുടെ നടപടിക്രമങ്ങളും വെബ്സൈറ്റ് വഴി പൂർത്തിയാക്കാം. ഉംറ വിസയുടെ കാലാവധി 90 ദിവസമാക്കിയത് വിദേശികൾക്ക് ഗുണം ചെയ്യും. ഉംറ നിര്‍വഹിക്കാന്‍ രാജ്യത്ത് വരാന്‍ ആഗ്രഹിക്കുന്ന മുസ്ലീങ്ങള്‍ക്കായി സൗദി അറേബ്യ കഴിഞ്ഞ മാസങ്ങളില്‍ നിരവധി സൗകര്യങ്ങളാണ് അവതരിപ്പിച്ചത്. പേഴ്സണല്‍, വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള എന്‍ട്രി വിസകള്‍ കൈവശമുള്ള മുസ്ലിംങ്ങള്‍ക്ക് ഉംറ നിര്‍വ്വഹിക്കാനാകും. മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതിചെയ്യുന്ന റൗദ ശരീഫ് സന്ദര്‍ശിക്കാനും മുന്‍കൂട്ടി ബുക്ക് ചെയ്താൽ സാധിക്കുന്നതാണ്. ഉംറ വിസ 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുകയും എല്ലാ കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവളത്തില്‍ നിന്നും തിരികെ പോകാനും അനുമതി നല്‍കിയിട്ടുണ്ട്.

    റമസാൻ സാധാരണയായി ഏറ്റവും കൂടുതൽ ഉംറ നടക്കുന്ന സീസൺ ആണ്. മക്കയിലെയും മദീനയിലെയും ഇസ്ലാമിന്റെ രണ്ട് വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള ഒരു തീർത്ഥാടനമാണ് ഉംറ. വർഷത്തിൽ ഏത് സമയത്തും ഉംറ നടത്താവുന്നതാണ്. വർഷത്തിലൊരിക്കൽ നടക്കുന്ന ഹജ്ജിൽ നിന്ന് ഉംറ തികച്ചും വ്യത്യസ്തമാണ്. ഈ വർഷം മാർച്ച് 23 ന് റമസാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും കൃത്യമായ തീയതി മാർച്ച് 22 ന് രാത്രി രാജ്യത്തെ മൂൺ സൈറ്റിംഗ് കമ്മിറ്റി പ്രഖ്യാപിക്കും.

    എന്താണ് നുസുക് പ്ലാറ്റ്‌ഫോം ?

    സൗദി അറേബ്യയിലെ മക്കയിലേക്കും മദീനയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും തീർഥാടനം ആസൂത്രണം ചെയ്യുന്ന പ്രക്രിയ ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് നുസുക്ക്. ഇ-വിസയ്ക്ക് അപേക്ഷിക്കുന്നത് മുതൽ ഫ്ലൈറ്റുകളും ഹോട്ടലുകളും ബുക്കുചെയ്യുന്നത് വരെ ഹജ്ജുമായും ഉംറയുമായും ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ നുസുക് വഴി ചെയ്യാൻ കഴിയും.


    No comments

    Post Top Ad

    Post Bottom Ad