കണ്ണൂർ: എസ്‌എസ്‌എല്‍സി പരീക്ഷയുടെ ആദ്യ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം. കോവിഡ് മഹാമാരി ഒഴിഞ്ഞ് പഠനം ഫോക്കസ് ഏരിയക്ക് പുറത്തുകടന്നശേഷമുള്ള ആദ്യ പരീക്ഷയാണിത്.
വ്യാഴാഴ്ച നടന്ന മലയാളം ഉള്‍പ്പെടെയുള്ള മാതൃഭാഷ ഒന്നാം പേപ്പര്‍ ഭാഗം ഒന്ന് എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ചോദ്യങ്ങള്‍ കുഴപ്പിച്ചില്ല. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാന്‍ കഴിഞ്ഞു. എന്നാല്‍ സമയപരിധിക്കുള്ളില്‍ എഴുതിത്തീര്‍ക്കാന്‍ പ്രയാസപ്പെട്ടതായും ചിലര്‍ക്ക് പരിഭവവുമുണ്ട്.
വേനല്‍ച്ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പരീക്ഷാഹാളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള ക്രമീകരണം പല സ്കൂളുകളും ഒരുക്കി. രാവിലെ 9.30 മുതല്‍ 11.15 വരെയായിരുന്നു പരീക്ഷ. 4,19,362 പേരാണ് എഴുതുന്നത്. 13ന് ഇംഗ്ലീഷ് വിഷയത്തില്‍ പരീക്ഷ നടക്കും. 29ന് പരീക്ഷ പൂര്‍ത്തിയാകും.
ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് തുടങ്ങും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിക്കും. 4,25,361 വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. ഒന്നാം വര്‍ഷ വിഎച്ച്‌എസ്‌ഇ പരീക്ഷയ്ക്ക് 28820 പേരും രണ്ടാം വര്‍ഷത്തിന് 30740 പേരും എഴുതും. പ്ലസ് വണ്ണില്‍ പാര്‍ട് 2 ലാംഗ്വേജുകളാണ് നടക്കുക. പ്ലസ്ടുവില്‍ സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ടോണിക്സ് സിസ്റ്റംസ് എന്നീ വിഷയങ്ങളുടെ പരീക്ഷ നടക്കും. രാവിലെ 9. 30ന് ആരംഭിക്കും.