Header Ads

  • Breaking News

    വിവരാവകാശ നിയമ അപേക്ഷകളിൽ നിയമ പ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാവൂ: കമ്മീഷണർ




    കണ്ണൂർ: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിൽ ആ നിയമപ്രകാരമുള്ള ഫീസ് മാത്രം ഈടാക്കി വിവരം നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൾ ഹക്കീം അറിയിച്ചു. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ, കൃത്യമായ വിവരം ലഭിക്കാതിരുന്ന അപേക്ഷകളിലെ രണ്ടാം അപ്പീൽ ഹരജിക്കാർ, പൊതുവിവര ഓഫീസർമാർ, ഒന്നാം അപ്പീൽ അധികാരികൾ എന്നിവരുടെ തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തെളിവെടുപ്പിൽ ഹാജരാവാതിരുന്ന കാഞ്ഞങ്ങാട് സബ് കലക്ടർ ഉൾപ്പെടെയുള്ള ഓഫീസർമാർക്ക് തിരുവനന്തപുരത്ത് ഹാജരാവാൻ സമൻസ് അയക്കും.
    റവന്യൂ, രജിസ്‌ട്രേഷൻ പോലെ ചില വകുപ്പുകളും സർവകലാശാല പോലെ ചില സ്വയംഭരണ സ്ഥാപനങ്ങളും സർച്ച് ഫീസ്, ഓരോ സർട്ടിഫിക്കറ്റിനും രേഖയ്ക്കും പ്രത്യേക ഫീസ് എന്നിവ ഈടാക്കുന്നത് ശരിയല്ല. അധികം ഫീസ് വാങ്ങിയത് തിരിച്ചടപ്പിച്ചിട്ടുണ്ട്. വിവരാവകാശ നിയമം ഏറെ ഉപയോഗപ്പെടുത്തുന്നത് നാട്ടിലെ ദരിദ്ര സമൂഹമാണ്. പത്ത് രൂപ മുടക്കിയാൽ ഏത് ഓഫീസിലെയും ഫയലുകൾ കാണാനും പകർപ്പെടുക്കാനും അവകാശം നൽകുന്ന നിയമമാണിത്.
    കണ്ണൂർ സർവകലാശാലയിൽനിന്ന് ഉത്തരപേപ്പറിന്റെ പകർപ്പ് ചോദിച്ച വിദ്യാർഥിയോട് സർവകലാശാല ഫീസ് അടക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിവരാവകാശ നിയമപ്രകാരം ഒരു പേജിന് മൂന്ന് രൂപ നിരക്കിൽ ഫീസ് ഇടാക്കി പകർപ്പ് നൽകാനുള്ള കമ്മീഷന്റെ ഉത്തരവിനെതിരെ സർവകലാശാല ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ, വിവരാവകാശ നിയമപ്രകാരം മാത്രമേ ഫീസ് ഈടാക്കാവൂ എന്നാണ് ഹൈക്കോടതി വിധിച്ചത്.
    ഒന്നാം അപ്പീൽ അധികാരിക്ക് അപേക്ഷകനെ ഹിയറിംഗിന് വിളിക്കാൻ അധികാരമില്ലെന്നും പൊതുവിവര ഓഫീസറെ വേണമെങ്കിൽ വിളിപ്പിക്കാമെന്നും കമ്മീഷണർ പറഞ്ഞു. അപേക്ഷകന്റെ ലക്ഷ്യമോ താൽപര്യമോ അന്വേഷിക്കാൻ പാടില്ല.
    വിവരം കൈയിലുണ്ടായിട്ടും കൈമാറാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന ഓഫീസർമാർക്കെതിരെ നടപടി സ്വീകരിക്കും. സർക്കാർ മുതലിറക്കുന്ന ഏത് സ്ഥാപനത്തിനും വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ പൊതുജനത്തിന് നൽകാൻ ബാധ്യതയുണ്ടെന്നും കമ്മീഷൻ അറിയിച്ചു. സിറ്റിംഗിൽ 13 കേസുകൾ പരിഗണിച്ച് തീർപ്പാക്കി.

    No comments

    Post Top Ad

    Post Bottom Ad