Header Ads

  • Breaking News

    കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനിയും കാസർകോട് ജില്ലയിൽ പന്നിപ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ജാഗ്രത




    കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനിയും കാസർകോട് ജില്ലയിൽ പന്നിപ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത നടപടികളുമായി മൃഗ സംരക്ഷണ വകുപ്പ്. കർശനമായ രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് വകുപ്പ് ജില്ലയിലെ മൃഗ, പക്ഷി വളർത്തു കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയത്.

    മുണ്ടയാട് റീജണൽ പൗൾട്രി ഫാമിൽ ജൈവ സുരക്ഷ കർശനമാക്കി. പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. അയൽ ജില്ലകളിൽ നിന്ന്‌ തീറ്റയുമായി വരുന്ന വാഹനങ്ങൾക്ക് അണുനശീകരണം കർശനമായി നടപ്പാക്കാനും തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കോഴിക്കോട് ചാത്തമംഗലം റീജണൽ പൗൾട്രി ഫാമിലെ കോഴികൾ ചത്തതിനെ തുടർന്ന് കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെ വിദഗ്ധർ ഫാമിലെത്തിയാണ് പക്ഷികളെ പരിശോധിച്ചത്.

    തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുകയും പക്ഷിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. ഫാമിലെ അയ്യായിരത്തോളം ഗ്രാമശ്രീ കോഴികളെ കൊന്ന് ശാസ്ത്രീയമായി മറവു ചെയാനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് തുടങ്ങി. കണ്ണൂർ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ബാലഗോപാൽ, വെറ്ററിനറി സർജൻ ഡോക്ടർ രഞ്ജിനി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

    കാസർകോട് സ്വകാര്യ പന്നി വളർത്തു ഫാമിലെ പന്നികൾക്ക് പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കണ്ണൂരിലെ പന്നിപ്പനി പ്രതിരോധ കർമ സേനാംഗങ്ങൾ കാസർകോട് എത്തി. വെള്ളിയാഴ്ച തുടങ്ങുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ശനിയാഴ്ചയോടെ പൂർത്തിയാക്കും. പന്നികൾക്കോ വളർത്തു പക്ഷികൾക്കോ അസ്വാഭാവികമായ മരണമുണ്ടായാൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.ജെ ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി അജിത് ബാബു എന്നിവർ അറിയിച്ചു.




    No comments

    Post Top Ad

    Post Bottom Ad