സർക്കാർ ആശുപത്രികളിൽ വൈകിട്ട് ജനറൽ ഒപി സേവനങ്ങൾ പരിമിതം
കണ്ണൂർ ∙ സർക്കാർ ആശുപത്രികളിൽ വൈകിട്ട് ജനറൽ ഒപി സേവനങ്ങൾ പരിമിതം. ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി തുടങ്ങി തിരക്കേറിയ ആശുപത്രികളിൽ പോലും പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി എത്തുന്നവർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടുന്നത്.
ഇവിടെയാകട്ടെ ആകെയുള്ളത് ഒരു ഡോക്ടർ മാത്രം. അപകടത്തിൽപ്പെട്ടവരും അടിയന്തര പരിചരണം വേണ്ടവരും ഉൾപ്പെടെ അത്യാഹിത വിഭാഗത്തിലേക്കാണ് എത്തുന്നത്. പലപ്പോഴും മണിക്കൂറുകളോളം കാത്തുനിന്ന് തളരാനാണ് വൈകിട്ട് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ വിധി.
ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം പ്രതിസന്ധിയിൽ
ഡോക്ടർമാരുടെ കുറവ് കാരണം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ദിവസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഒരു കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്. പ്രതിദിനം എഴുന്നൂറ്റി അൻപതോളം പേരാണ് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്നത്.
മെഡിക്കോ ലീഗൽ കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായിത്തന്നെ വിശദ പരിശോധന ആവശ്യമുള്ളവരുമായി പൊലീസ് ഉദ്യോഗസ്ഥരും എത്തുന്നു. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയവരിൽ രണ്ടുപേർ മണിക്കൂറുകളോളം കാത്തുനിന്ന് കുഴഞ്ഞു വീണതോടെ കൂടെ വന്നവർ പ്രതിഷേധിച്ചിരുന്നു.
ജനറൽ ആശുപത്രിയിൽ ഒരു ഡോക്ടർ
തലശ്ശേരി ജനറൽ ആശുപത്രിയിലും സ്ഥിതി സമാനമാണ്. ഒരു ഡോക്ടർ മാത്രമാണ് വൈകിട്ട് അത്യാഹിത വിഭാഗത്തിൽ ഉണ്ടാകുന്നത്. ജില്ലാ കോടതി പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ കേസുകളിൽ ഉൾപ്പെട്ട ഒട്ടേറെപ്പേരെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നുണ്ട്. ഇരുന്നൂറോളം പേരാണ് വൈകുന്നേരങ്ങളിൽ ശരാശരി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.
തിരക്കേറിയ ഈ 2 ആശുപത്രികളിലും വൈകിട്ട് ജനറൽ ഒപി വിഭാഗം പ്രവർത്തനം തുടങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രതിസന്ധി കടുത്ത സാഹചര്യത്തിൽ അടിയന്തരമായി ഡോക്ടർമാരെ നിയോഗിച്ച് പ്രത്യേക ഒപി വിഭാഗം പ്രവർത്തനം തുടങ്ങണമെന്നും അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കണമെന്നും രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു. തളിപ്പറമ്പ്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രികളിൽ വൈകിട്ട് ഒപി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പഴയങ്ങാടി, പയ്യന്നൂർ താലൂക്ക് ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമേയുള്ളൂ.
No comments
Post a Comment