Header Ads

  • Breaking News

    ഇനി ഉപദേശവും താക്കീതുമൊന്നുമില്ല; 'ഡിം' അടിച്ചില്ലെങ്കിൽ തെളിവ് സഹിതം പണിതരാൻ എം.വി.ഡി -




    എതിരേ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധമുള്ള ഹെഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരാണോ, എങ്കിലിനി നിങ്ങൾക്ക് ഉപദേശവും താക്കീതും ഒന്നുമില്ല. ഇത്തരക്കാരെ കൈയോടെ പൊക്കാൻ രാത്രിയിൽ 'ലക്സ് മീറ്റർ' ഉപയോഗിച്ച് പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.വാഹന നിർമാതാക്കൾ ഘടിപ്പിക്കുന്ന ബൾബ് മാറ്റി അമിത പ്രകാശമുള്ളത് ഘടിപ്പിക്കുന്ന പ്രവണത വർധിക്കുകയും അതുമൂലം അപകടങ്ങൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണു നടപടി കടുപ്പിക്കുന്നത്.രാത്രികാല വാഹനാപകടങ്ങളിൽ പലതും അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതി വ്യാപകമാണ്. എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഉയർന്ന പ്രകാശത്തിൽ കാഴ്ച മങ്ങുന്നത് അപകടത്തിനിടയാക്കും.ഏതു വാഹനമായാലും രാത്രി എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം. എന്നാൽ, പലരും ഇതു പാലിക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു.കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ബൾബുകൾക്ക് പുറമെ ലേസർ, പല നിറത്തിലുള്ള അലങ്കാര ബൾബുകൾ തുടങ്ങിയതെല്ലാം പരിശോധനയിൽ പിടികൂടും. ഉയർന്ന തോതിൽ പ്രകാശം വമിക്കുന്ന ഹാലജൻ, ലിഥിയം നിയോൺ ലൈറ്റുകളാണ് വാഹനങ്ങളിൽ അനധികൃതമായി ഘടിപ്പിക്കുന്നത്. ഈ പ്രകാശം കണ്ണിൽ പതിച്ചാൽ ഏറെ നേരത്തേക്ക് കാഴ്ച മങ്ങും.ഹെഡ് ലൈറ്റുകളും മറ്റും തെളിക്കാതെ പോകുന്നതും ബ്രേക്ക്, ഇൻഡിക്കേറ്റർ തുടങ്ങിയവ കൃത്യമായി പ്രവർത്തിക്കാത്തതും പ്രശ്നമാണ്. ലൈറ്റുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങളും അപകടങ്ങളും അധികവും സംഭവിക്കുന്നത് രാത്രിയായതിനാലാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചതെന്ന് എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ പറഞ്ഞു.

    ബൈക്കിന് 35, കാറിന് 65 വാട്സ്❗️

    വാഹനങ്ങളിലെ ലൈറ്റുകളുടെ പ്രകാശത്തോത് കൃത്യമായി മോട്ടോർ വെഹിക്കിൾ ആക്ടിൽ പറയുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 35 വാട്സ്, കാറുകളിൽ 65 വാട്സ്, വലിയ വാഹനങ്ങളിൽ 75 വാട്സ് എന്നിങ്ങനെയാണ് പ്രകാശ തീവ്രതയുടെ കണക്ക്.വാഹനത്തിന്റെ മുൻഭാഗത്ത് ഒറ്റ നിരയിൽത്തന്നെ ലൈറ്റുകൾ ഘടിപ്പിക്കണം. 35 വാട്സുള്ള ഫോഗ് ലാംപുകൾ വാഹനങ്ങളിൽ ഉപയോഗിക്കാം.

    No comments

    Post Top Ad

    Post Bottom Ad